ഐ.ജി.ബി.ടി സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിക്ക് നാല് ട്രാക്ക് അനുവദിക്കും

ഐ.ജി.ബി.ടി സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിക്ക് നാല് ട്രാക്ക് അനുവദിക്കും മഞ്ചേരി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ്​ തീരുമാനം മഞ്ചേരി: കച്ചേരിപ്പടി ഇന്ദിര ഗാന്ധി ബസ് ടെർമിനലിൽ കെ.എസ്.ആർ.ടി.സി ബസ്​ നിർത്താൻ മുമ്പ് അനുവദിച്ചിരുന്ന നാല് ട്രാക്കുകൾ അനുവദിക്കാൻ വീണ്ടും തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദയുടെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഗവ. മെഡിക്കൽ കോളജ് ചെറാക്കര റോഡിലെ ഗതാഗത തടസ്സം നീക്കാനും ആശുപത്രിക്ക് പാർക്കിങ്ങിനായി സ്ഥലം കണ്ടെത്താനും സൂപ്രണ്ടിന് നിർദേശം നൽകി. കച്ചേരിപ്പടി ജങ്ഷനിലെ ട്രാഫിക് സർക്കിൾ വലുപ്പം കുറക്കാനും സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നഗരത്തിൽ വിവിധ അടയാള ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ബസ് സ്റ്റാൻഡുകളിൽ റൂട്ടുകൾ തിരിച്ചറിയാൻ ട്രാക്കിൽ സ്ഥലപ്പേരുകൾ ചേർത്ത സ്റ്റിക്കറുകൾ പതിക്കും. ഡോക്ടേഴ്സ് കോളനി റോഡിലെ അനധികൃത പാർക്കിങ് തടയാൻ ട്രാഫിക് എസ്.ഐക്ക് നിർദേശം നൽകി. ഓട്ടോറിക്ഷ പാർക്കിങ് സ്ഥലം അനുവദിച്ചത് സംബന്ധിച്ച് ഓട്ടോറിക്ഷ സംഘടന ഭാരവാഹികളുമായി ചർച്ച നടത്താൻ ട്രാഫിക് പൊലീസിനെ ചുമതലപ്പെടുത്തി. എക്സിക്യൂട്ടിവ് എൻജിനീയർ ജസ്റ്റിൻ ഫ്രാൻസിസ്, മരാമത്ത് റോഡ് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.എഫ്. ലിനോസ്, ഡെപ്യൂട്ടി തഹസിൽദാർ പി. വിജയകുമാർ, എസ്.ഐ കൃഷ്ണൻ, ട്രാഫിക് എസ്.ഐ സൈനുദ്ദീൻ, റോഡ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പി. സുഹൈബ്, നഗരസഭ സൂപ്രണ്ട് പി. രാജൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.