കോവിഡ് പ്രതിരോധം ശക്തമാക്കണം -ഡി.എം.ഒ

മലപ്പുറം: കോവിഡ് പ്രതിരോധ മാർഗങ്ങള്‍ കൃത്യമായി പാലിക്കുകയും വാക്സിനേഷന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക. ജില്ലയില്‍ പ്രതിദിന കേസുകള്‍ പത്തിൽ താഴെയായി കുറഞ്ഞെങ്കിലും രാജ്യത്തെ മറ്റു സ്ഥലങ്ങളില്‍ വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി സൗജന്യമായി കുത്തിവെപ്പെടുക്കണം​. ജില്ലയില്‍ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചത് 34,58,140 പേരും രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ 29,61,309 പേരും മുന്‍കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ 85,179 പേരും ആണ്. 3,94,838 പേര്‍ ആദ്യ ഡോസ് വാക്സിന്‍ പോലും എടുത്തിട്ടില്ല. 7,17,284 പേര്‍ സമയമായിട്ടും രണ്ടാം ഡോസ് എടുക്കാത്തവരാണ്​. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരില്‍ കോവിഡ് ബാധിച്ചവര്‍ വളരെ കുറവാണ്. രോഗം ഗുരുതരമായവരും മരണപ്പെട്ടവരും തീരെ കുറവാണ്. ജില്ലയില്‍ കോവാക്സിന്‍, കോവിഷീൽഡ്​, കോര്‍ബിവാക്സ് എന്നീ പ്രതിരോധ വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. കോവിഡ് വ്യാപനം തടയാനും രോഗം ഗുരുതരമാകാതെ മരണം തടയാനും എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും ഡി.എം.ഒ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.