പെരിന്തൽമണ്ണ: പട്ടാമ്പി റോഡിലെ അമ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം നിലച്ചിട്ട് 10 മാസം. കട്ടുപ്പാറ പദ്ധതിയിൽനിന്നുള്ള നഗര കുടിവെള്ള പദ്ധതിയാണ് ഇവരുടെ ആശ്രയം. പട്ടാമ്പി റോഡിൽ റോഡ്പണിയുടെ ഭാഗമായി നായാട്ടുപാലം പൊളിച്ചുപണിതപ്പോഴാണ് ഇവിടെ ശുദ്ധജല വിതരണം നിലച്ചത്. ജല അതോറിറ്റിയോടും നഗരസഭ ചെയർമാനോടും ഇടക്കിടെ പരാതി പറയുമ്പോഴും ഉടൻ ശരിയാവുമെന്ന മറുപടിയാണ് കിട്ടുന്നതെന്ന് കുടുംബങ്ങൾ പറഞ്ഞു.
കഴിഞ്ഞ മൂന്നുവർഷമായി നിരുത്തരവാദപരമായാണ് പെരിന്തൽമണ്ണ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ പെരുമാറ്റം. ഇതിനിടെ കുടുംബങ്ങൾ ജല അതോറിറ്റി ഓഫിസിൽ സംഘടിച്ചെത്തിയ ഘട്ടത്തിലെല്ലാം മണിക്കൂറുകൾകൊണ്ട് പരിഹരിച്ചിട്ടുണ്ട്.
നായാട്ടുപാലത്തിന് സമീപം മെയിൻ ലൈനിലേക്ക് കണക്ഷൻ നൽകിയാൽ മതിയെന്നും അതു ചെയ്യുന്നില്ലെന്നും കുടുംബങ്ങൾ പറഞ്ഞു. അതേസമയം, എല്ലാ മാസവും കുടിവെള്ളത്തിന്റെ പണം തേടി ജല അതോറിറ്റി ജീവനക്കാർ വീടുകളിലെത്തുന്നുണ്ട്. 2020 സെപ്റ്റംബർ 11 നാണ് മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള റോഡ് പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
2021 ജനുവരിയിൽ പ്രവൃത്തിയും തുടങ്ങി.
അതിനുശേഷമാണ് പെരിന്തൽമണ്ണ നഗരസഭയിലെ അർബൻ ശുദ്ധജല വിതരണത്തിലെ പരാതികൾ തുടങ്ങിയത്. റോഡ്പണി തീർന്നാലെങ്കിലും കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്ന് കരുതുന്നുണ്ട്.
എന്നാൽ, പണമില്ലാതെ കരാറുകാർ പണി പാതിവഴിക്കിട്ടിരിക്കുകയാണ്.
ജനപ്രതിനിധികളോട് നിത്യേന പരാതി പറയുന്നുണ്ടെങ്കിലും കൈ മലർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.