വള്ളിക്കുന്ന്: തീരദേശ പാതയുടെ ഭാഗമായി മുദിയത്തും കടലുണ്ടിക്കടവിലും പുതിയ പാലം നിർമിക്കുന്നതിനുള്ള അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പിന് 29.48 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയിൽനിന്ന് അംഗീകാരം ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. തീരദേശ പാതയുടെ ഭാഗമായി വള്ളിക്കുന്ന് മണ്ഡലത്തിലെ അവസാന റീച്ചിനാണ് അംഗീകാരം ലഭിച്ചത്.
മുദിയം മുതൽ മുതൽ കടലുണ്ടിക്കടവ് പാലം വരെയുള്ള 2.5 കിലോമീറ്ററിലുള്ള സ്ഥലവും വീടുകളുമാണ് പദ്ധതിക്കായി അവസാന റീച്ചിൽ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഈ റീച്ചിൽ നിർവഹണചുമതലയുള്ള കെ.ആർ.എഫ്.ബി അതിർത്തിക്കല്ലിട്ടത്. മണ്ഡലത്തിലെ മൂന്ന് റീച്ചുകൾക്കും നേരത്തെ കിഫ്ബിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ കല്ലിട്ട സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നുറപ്പായി.
സ്ഥലമുടകൾക്ക് നഷ്ടപരിഹാര തുക വേഗത്തിൽ ലഭ്യമാക്കാൻ നടപടിക്കായി കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എം.എൽ.എ കൂട്ടിച്ചേർത്തു. മുദിയം പാലം നിർമാണത്തിന് 49.58 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നുവെങ്കിലും സാമൂഹികാഘാത പഠന റിപ്പോർട്ടിന് ശേഷമായിരിക്കും സാങ്കേതികാനുമതിയും ടെൻഡർ നടപടിയും സ്വീകരിക്കാനാവൂവെന്നാണ് കിഫ്ബിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.