120 കോടിയുടെ കുടിവെള്ള പദ്ധതി: ജലസംഭരണിക്ക്​ സ്ഥലം ഏറ്റെടുത്ത് നൽകാൻ നഗരസഭ

മഞ്ചേരി: നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന്​ ജലസംഭരണി സ്ഥാപിക്കുന്നതിന്​ സ്ഥലം ഏറ്റെടുത്ത് നൽകാൻ നഗരസഭ കൗൺസിൽ തീരുമാനം. പുല്ലൂർ ഹാഫ് കിടങ്ങഴി, യൂനിറ്റി കോളജ്, എൻ.എസ്.എസ് കോളജ് കുന്ന് എന്നിവിടങ്ങളിലായി മൂന്ന് സ്ഥലങ്ങൾ നഗരസഭ ഏറ്റെടുത്ത്​ ജല അതോറിറ്റിക്ക് കൈമാറും. നഗരസഭയിലെ ഉയരം കൂടിയ പ്രദേശങ്ങളാണിത്. ജലക്ഷാമം പരിഹരിക്കുന്നതിന്​ 120 കോടിയുടെ കരട് പദ്ധതിയാണ് നേരത്തെ ജല അതോറിറ്റി സമർപ്പിച്ചത്. കൗൺസിലർ ഹുസൈൻ മേച്ചേരി പദ്ധതിയുടെ പ്രാഥമിക സർവേ സൗജന്യമായി നടത്തിയിരുന്നു. യു.എ. ലത്തീഫ് എം.എൽ.എ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പദ്ധതി യാഥാർഥ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി യാഥാർഥ്യമായാൽ നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളമെത്തും. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ചെരണിയിലെ സംഭരണിയിൽ നിന്നാണ് നിലവിൽ വെള്ളം വിതരണം ചെയ്യുന്നത്. ഒരു സംഭരണി മാത്രമായതിനാൽ മറ്റു ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നതിന് പ്രയാസം നേരിട്ടിരുന്നു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.