മലപ്പുറം: ജില്ലയിൽ സുരക്ഷ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായും കുറ്റകൃത്യങ്ങളുടെ തോത് കുറക്കാനുമായി ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ വിവിധ കേസുകളിൽ പൊലീസിനെ ഒളിച്ചും കോടതിയിൽ ഹാജരാകാതെയും നടന്ന 48 പ്രതികളും ജാമ്യമില്ല വാറണ്ടിൽ പിടികിട്ടാനുണ്ടായിരുന്ന 142 പ്രതികളും ഉൾപ്പെടെ 190 കുറ്റവാളികളെ പിടികൂടി. ഒറ്റദിവസം മാത്രം 790 കേസുകൾ രജിസ്റ്റർ ചെയ്തു.
നിരവധി മയക്കുമരുന്ന്, ലഹരി വിൽപനക്കാർ, അനധികൃത ഒറ്റനമ്പർ ലോട്ടറി മാഫിയകൾ, വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ തുടങ്ങിയവർ പിടിയിലായവരിലുണ്ട്. മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് മാത്രം 125 കേസുകൾ രജിസ്റ്റർ ചെയ്തു. അനധികൃത മണൽ കടത്ത് നടത്തിയതിന് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്ത് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.
അനധികൃതമായി മദ്യം കൈവശംവെച്ചതിനും വിൽപന നടത്തിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനുമായി വിവിധ പൊലീസ് സ്റ്റേഷനുകളിലായി 113 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ ജില്ല അതിർത്തികളിലും പ്രധാന നഗരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയിൽ 5614 വാഹനങ്ങൾ ഗതാഗത നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി. ഇവരിൽനിന്ന് 9,07,250 രൂപ പിഴയായി ഇടാക്കുകയും ചെയ്തു. വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകൾ ഉണ്ടായിരിക്കുമെന്ന് എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.