മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രികാല പോസ്റ്റുമോർട്ടം നടത്തുന്നതിനെതിരെ ഡോക്ടർമാരുടെ പരാതി. രാത്രി ജോലി എടുക്കുന്നതിനെതിരെ ഡോക്ടർമാർ തന്നെ രംഗത്തെത്തി. ഫോറൻസിക് വിഭാഗത്തിലെ രണ്ട് ഡോക്ടർമാർ ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകി. തസ്തികകൾ നിർണയിക്കാതെ രാത്രികാല പോസ്റ്റുമോർട്ടം നടത്തേണ്ടിവരുന്നത് അധികജോലിക്ക് ഇടയാക്കുകയാണെന്നും ഇത് മാനസിക സമ്മർദത്തിന് കാരണമാകുന്നതായും പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് ആദ്യമായി രാത്രികാല പോസ്റ്റുമോർട്ടം തുടങ്ങിയ മെഡിക്കൽ കോളജ് എന്ന ഖ്യാതി മഞ്ചേരിക്ക് ലഭിച്ചെങ്കിലും ഇത് തുടർന്നു കൊണ്ടുപോകാൻ സാധിക്കുന്നില്ല. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ വൈകുന്നതായിരുന്നു നേരത്തെ രാത്രിയിൽ പോസ്റ്റുമോർട്ടത്തിന് തടസ്സമായിരുന്നത്.
രാത്രി പോസ്റ്റുമോർട്ടം നിയമപ്രശ്നം ഉണ്ടാക്കുന്നതായും ഡോക്ടർമാർ മന്ത്രിയെ അറിയിച്ചു. നിലവിലെ ഡോക്ടർമാരുടെ തസ്തിക അനുസരിച്ച് നാല് ദിവസത്തിലൊരിക്കൽ മൂന്ന് മണിക്കൂർ ഡ്യൂട്ടിയാണ് അധികം വരുന്നത്. എന്നാൽ ഫോറൻസിക് വിഭാഗം മേധാവി ഇതിനെ എതിർത്തു. അമിതജോലി ഭാരം ഉണ്ടാക്കുന്നെന്ന പരാതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച പരാതി മന്ത്രി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജിന് കൈമാറി. വിഷയം അന്വേഷിക്കാൻ ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകി. മൂന്ന് മാസം മുമ്പാണ് മഞ്ചേരിയിൽ രാത്രികാല പോസ്റ്റുമോർട്ടം ആരംഭിച്ചത്. അതേസമയം, ഡോക്ടർമാരുടെ നടപടിക്കെതിരെ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
രാത്രികാല പോസ്റ്റുമോർട്ടം നിർത്തലാക്കരുത് -മുസ്ലിം ലീഗ്
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ രാത്രികാല പോസ്റ്റുമോർട്ടത്തിനെതിരെ ഡോക്ടർമാർ നൽകിയ പരാതി പിൻവലിക്കണമെന്നും ആശുപത്രിയിൽ കൂടുതൽ തസ്തികൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
രാത്രികാല പോസ്റ്റുമോർട്ടം നിർത്തലാക്കരുത്. രാത്രി എട്ടുവരെ പോസ്റ്റുമോർട്ടം നടക്കുന്നത് അപകട മരണം ഉൾപ്പെടെയുള്ള കേസുകളിൽ ബന്ധുക്കൾക്ക് ആശ്വാസമാണ്. ഡോക്ടർമാർക്ക് മൂന്ന് മണിക്കൂർ മാത്രമാണ് അധിക ഡ്യൂട്ടി വരുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഡോക്ടർമാർ തന്നെ തുരങ്കം വെക്കുന്നത് ശരിയല്ലെന്നും നിലവിലെ രീതി തുടരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കബീർ നെല്ലിക്കുത്ത്, ജനറൽ സെക്രട്ടറി കെ.കെ.ബി. മുഹമ്മദാലി, ട്രഷറർ സക്കീർ വല്ലാഞ്ചിറ, ഭാരവാഹികളായ കെ.പി. ഉമ്മർ, എം.എം. സൈതലവി, സലീം മണ്ണിശ്ശേരി, ഹുസൈൻ പുല്ലഞ്ചേരി, അഡ്വ. യു.എ. അമീർ എന്നിവർ സംസാരിച്ചു.
കൂടുതൽ തസ്തികകൾ സൃഷ്ടിക്കണം -യൂത്ത് ലീഗ്
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ചില ഡോക്ടർമാർ പരാതി നൽകിയ സാഹചര്യത്തിൽ പോസ്റ്റുമോർട്ടം തുടരാൻ ഫോറൻസിക് വിഭാഗത്തിൽ കൂടുതൽ തസ്തിക സൃഷ്ടിക്കണമെന്ന് മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. രാത്രികാല പോസ്റ്റുമോട്ടം ഒട്ടേറെ ആളുകൾക്ക് ആശ്വാസമായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായി എം.എൽ.എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. രാത്രി എട്ട് വരെയുള്ള പോസസ്റ്റുമോർട്ടം മുടങ്ങാതിരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മുനിസിപ്പൽ പ്രസിഡന്റ് യാഷിക് മേച്ചേരി, ജനറൽ സെക്രട്ടറി ബാവ കൊടക്കാടൻ, ട്രഷറർ ഹനീഫ താണിപ്പാറ എന്നിവർ നേതൃത്വം നൽകി.
തടസ്സം നിൽക്കരുത് -സി.പി.എം
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ രാത്രികാല പോസ്റ്റുമോർട്ടത്തിന് തടസ്സം വരുന്ന രീതിയിൽ ചില മേഖലകളിൽ നിന്നുമുള്ള ഇടപെടലുകൾ ജനദ്രോഹപരമാകുമെന്നും ഇത്തരം നീക്കത്തിൽനിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്നും സി.പി.എം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സമൂഹത്തിനാകെ ഗുണകരമാകുന്നതും ജനങ്ങൾ നിലവിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ സംവിധാനത്തെ ചെറിയ ചില പ്രയാസങ്ങളുടെ പേരിൽ ഇല്ലാതാക്കാൻ ശ്രമികുന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്നും ഏരിയ സെക്രട്ടറി അഡ്വ. കെ. ഫിറോസ് ബാബു പറഞ്ഞു.
പരാതി നൽകി
മഞ്ചേരി: മെഡിക്കൽ കോളജിലെ രാത്രികാല പോസ്റ്റുമോർട്ടം നിർത്തിവെക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി മുനിസിപ്പൽ യൂനിറ്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് പരാതി നൽകി. വളരെയധികം ആളുകൾക്ക് പ്രയോജനപ്പെടുന്ന രാത്രികാല പോസ്റ്റുമോർട്ടം ചില ആളുകളുടെ സ്വാർഥമായ താൽപര്യങ്ങൾക്ക് വേണ്ടി നിർത്തിവെക്കരുതെന്നും സമിതി ആവശ്യപ്പെട്ടു . വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പൽ കമ്മിറ്റിക്കുവേണ്ടി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ട്രഷറർ സലിം അൽതാഫ്, മറ്റു ഭാരവാഹികളായ സഹീർ കോർമത്ത്, എ.എം മുഹമ്മദാലി, കെ.ടി കമറുദ്ദീൻ, അബ്ദുൽ റസാഖ്, ഷരീഫ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.