വേങ്ങര: വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലെ പാക്കടപ്പുറായ ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ 2023-24 സാമ്പത്തികവർഷത്തിലെ ആർ.ഒ.പി പ്രകാരം എൻ.എച്ച്.എം മുഖേന 55.5 ലക്ഷം രൂപ അനുവദിച്ചു. ഈ തുക 2023-24 സാമ്പത്തികവർഷം മാത്രമേ വിനിയോഗിക്കാനാവൂ എന്നും ജില്ല ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയിൽനിന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചു.
ഉപകേന്ദ്രത്തിന്റെ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവായെങ്കിലും പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചില്ലെന്ന് കാണിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വർഷങ്ങളായി നാശോന്മുഖമായി കിടന്നിരുന്ന ഉപകേന്ദ്രം പുതിയ കെട്ടിടം നിർമിക്കുന്നതോടെ പ്രവർത്തനസജ്ജമാവും.
ഗർഭിണികളുടെയും കുട്ടികളുടെയും പരിചരണം ലക്ഷ്യം വെച്ച് പ്രവർത്തിച്ചിരുന്ന ആരോഗ്യ ഉപകേന്ദ്രത്തിന്റെ 35 വർഷം പഴക്കമുള്ള കെട്ടിടം പഴക്കം കാരണം ചോർന്നൊലിക്കാനും ചുവരുകൾ പൊട്ടിപ്പൊളിയാനും തുടങ്ങിയിരുന്നു. ഇതോടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. അതിനിടെ, പുതിയ കെട്ടിടം നിർമിക്കാൻ കെ.എൻ.എ. ഖാദർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ അനുവദിച്ചെങ്കിലും പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് അനുമതി ലഭിക്കാത്ത കാരണത്താൽ കെട്ടിടം പൊളിക്കാനോ പുതിയത് നിർമിക്കാനോ സാധ്യമായില്ല. അനുവദിച്ച തുക ലാപ്സാവുകയും ചെയ്തു.
ഗ്രാമപഞ്ചായത്തിലെ ഏഴ് വാർഡുകളിൽ ബി.സി.ജി, പോളിയോ തുള്ളിമരുന്ന്, പെന്റാവാലന്റ് വാക്സിൻ, ഐ.പി.വി, മീസിൽസ്, റൂബല്ല എന്നിവക്കെതിരെയുള്ള കുത്തിവെപ്പ് എന്നിവ യഥേഷ്ടം നടന്നിരുന്ന സബ്സെന്റർ ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെട്ടിരുന്നു. ഇപ്പോഴനുവദിച്ച ഫണ്ട് ലാപ്സ് ആവാതെ യഥാസമയം കെട്ടിട നിർമാണം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.