തിരൂർ: ജി.പി.എസ് സംവിധാനം ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം തിരൂരിൽ പിടികൂടി. തിരൂർ കാടാമ്പുഴ തട്ടാംപറമ്പ് ഭാഗത്ത് വെട്ടിക്കാടൻ സാലിഹ് (35), കരേക്കോട് കാടാമ്പുഴ മാൽദാരി അബ്ദൂൽ ഖാദർ (38) എന്നിവരെയാണ് മാനന്തവാടി, തിരൂർ എക്സൈസ് ടീമുകൾ ചേർന്ന് രാത്രി രണ്ടോടെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ സാലിഹ് ബംഗളൂരുവിൽ നിന്ന് രണ്ടാം പ്രതി അബ്ദുൽ ഖാദറിന്റെ പേരിൽ ലഹരി വസ്തുക്കൾ ലക്ഷ്വറി ബസിൽ പാഴ്സൽ മാർഗം തിരൂരിലേക്ക് അയക്കുകയായിരുന്നു. സാലിഹ് മറ്റൊരു ബസിൽ തിരൂരിലെത്തി. അബ്ദുൽ ഖാദറിനോട് പാഴ്സൽ കൈപ്പറ്റി രാത്രി വൈകി തന്റെ വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
പ്രതികളുടെ നീക്കം മനസ്സിലാക്കിയ മാനന്തവാടി എക്സൈസ് ടീം എക്സൈസ് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ രാത്രിയോടെ തിരൂരിൽ എത്തുകയും തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അജയന്റെ നേതൃത്വത്തിലുള്ള തിരൂർ എക്സൈസ് സർക്കിൾ, റേഞ്ച് ടീമുകൾ ചേർന്ന് പ്രതികളുടെ വീട് വളഞ്ഞ് സാഹസികമായി കീഴടക്കുകയായിരുന്നു.
പ്രതികളിൽ നിന്ന് ലഹരി കൈമാറ്റത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന വിവിധ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി എക്സൈസ് പാർട്ടിയിൽ പ്രിവന്റിവ് ഓഫിസർമാരായ പി.കെ. ചന്തു, കെ. ജോണി, പി.ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പി. ഷിംജിത്ത്, തിരൂർ എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ രവീന്ദ്രനാഥ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ബി. വിനീഷ്, എ. ജയകൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫിസർ പി.കെ. ഇന്ദു ദാസ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ കെ.കെ. ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.
പുലർച്ചെ തിരൂരിൽ നിന്നും മാനന്തവാടി എത്തിച്ച പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.