നിലമ്പൂർ: കുടിയേറ്റ വഴിത്താരകളിൽ കാട്ടാന ഭീതിയുടെ തീരാത്ത ചൂര് നിലനിൽക്കുകയാണ്. ജീവനും കൃഷിയും ചിവിട്ടിമെതിച്ച് ആനക്കൂട്ടമിറങ്ങുമ്പോൾ കുടിയേറ്റ ഗ്രാമങ്ങളിൽ രാവുറങ്ങുന്നില്ല. പ്രതികൂല കാലാവസ്ഥയോടും മണ്ണിനോടും പടവെട്ടി വിയർപ്പിൽ വിളയിക്കുന്ന അന്നത്തിലേക്ക് കരിവീരൻമാർ ഇറങ്ങുമ്പോൾ ഗ്രാമം കണ്ണടക്കുന്നതെങ്ങനെ. കണ്ണിലും കണ്ണായികാക്കുന്ന ഉറ്റവരുടെ ജീവനിലേക്ക് തുമ്പിക്കൈ നീളുമ്പോൾ ഭീതിയുടെ ഇരുട്ട് അവരെ മൂടാതിരിക്കുന്നതെങ്ങനെ. കുടിയേറ്റ ഗ്രാമങ്ങളിലെ ആനപ്പേടിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അടുത്തകാലത്തുണ്ടായ നിരന്തര ആക്രമണം ഗ്രാമീണരെ ഒന്നടങ്കം പേടിപ്പെടുത്തുകയാണ്. കരിവീരൻമാരുടെ കൊലവിളി നിലമ്പൂർ കാട്ടിൽ നാൾക്കുനാൾ മുഴങ്ങികേൾക്കുകയാണ്. അവസാനത്തെ ഇര കഴിഞ്ഞദിവസം രാത്രി കൊല്ലപ്പെട്ട ഉൾവനത്തിലെ മാഞ്ചീരി പൂച്ചപ്പാറയിലെ ആദിവാസി യുവാവ് കരിയന്റെ മകൻ 35 വയസ്സുകാരനായ മണിയാണ്.
കാട്ടാനകളുടെ പെരുമാറ്റത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയും നിരീക്ഷിക്കുകയും ചെയ്തുവരുന്ന ഈ കൂട്ടർപോലും ഇരകളാവുന്നത് ആനകളുടെ ആക്രമണ സ്വഭാവത്തിൽ അത്രകണ്ട് മാറ്റം വന്നു എന്നതിന് കൂടി തെളിവാണ്. കരുളായി വനത്തിൽ തന്നെയാണ് ചോലനായ്ക്കരുടെ മൂപ്പൻ മാതനും ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. കാട്ടാന ശല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു ജനവിഭാഗമാണ് ആദിവാസികൾ. 55 വനാവകാശ കോളനികളാണ് നിലമ്പൂർ മേഖലയിലുള്ളത്ത്. കാട്ടാനകൾ വിഹരിക്കുന്ന വനപാതയിലൂടെയല്ലാതെ ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ മറ്റു മാർഗങ്ങളില്ല. ജീവൻ പണയംവെച്ചാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആദിവാസികളുടെ കാട്ടിലൂടെയുള്ള യാത്ര.
നിലമ്പൂർ വനത്തിൽ 10 വർഷത്തിനിടെ കാട്ടാന കൊലപ്പെടുത്തിയവരുടെ എണ്ണം 70 കവിഞ്ഞു. കൊല്ലപ്പെട്ടവരിൽ വനം ഉദ്യോഗസ്ഥനും കൈക്കുഞ്ഞും ഉൾപ്പെടും. കൊല്ലപ്പെട്ടവരിൽ 33 പേർ ആദിവാസികളാണ്. പരിക്കുകളോടെ രക്ഷപ്പെട്ടവർ നൂറിലധികമാണ്. കാട്ടാനകളുടെ ആക്രമണം മൂലം കഴിഞ്ഞ വർഷത്തെ കാർഷിക നഷ്ടത്തിന്റെ കണക്കെടുത്താൽ തന്നെ കോടിയിലധികം വരും.
നിലമ്പൂർ സൗത്ത്, നോർത്ത് ഡിവിഷനുകളും സൈലന്റ് വാലി കരുതൽ മേഖലയും ഉൾപ്പെടുന്നതാണ് ജില്ലയിലെ വനമേഖല. നോർത്തിൽ 440, സൗത്തിൽ 320 ചതുരശ്ര കിലോമീറ്ററും വനമാണുള്ളത്. ഏഷ്യൻ ആനകളുടെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയെന്നറിയപ്പെടുന്ന നീലഗിരി ബയോസ്ഫിയറിലാണ് ഈ സംരക്ഷിത വനമേഖലകൾ ഉൾപ്പെടുന്നത്. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളും വനാതിർത്തി പങ്കിടുന്നവയാണ്. അതുകൊണ്ട് തന്നെ ഇവിടെങ്ങളിലെല്ലാം കാട്ടുമൃഗശല്യം രൂക്ഷമായി അനുഭവപ്പെടുന്നു. നിരന്തരമുള്ള കാട്ടുമൃഗശല്യം മൂലം വനാതിർത്തിമേഖലയിൽ കൃഷി അസാധ്യമായിരിക്കുകയാണ്. 2008 ഓടെയാണ് മനുഷ്യർക്ക് നേരെയുള്ള കാട്ടാനാകളുടെ ആക്രമണം വർധിച്ചതായി റിപ്പോർട്ടുള്ളത്. 2011 ജൂൺ 15ന് പോത്തുകല്ല് പതാറിലെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന കർഷകനായ ഹരിദാസനെ കുത്തിക്കൊന്നു. മേയ് 13ന് രാത്രി കരുളായി വനത്തിൽ തമിഴ്നാട് തിരുവണ്ണാമല സ്വദേശി കാളിമുത്തുവിന്റെ ഭാര്യ റോജയും (19) കൊമ്പന്റെ കലിക്കിരയായി.
കരുളായി വനത്തിലെ മുളങ്കൂപ്പിൽ ജോലിക്ക് വന്ന യുവതി ഭർത്താവിനൊടൊപ്പം നെടുങ്കയത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള മാഞ്ചീരിയിലെ താമസസ്ഥലത്തേക്ക് പോവുന്നതിനിടെയാണ് അക്രമണം ഉണ്ടായത്. 2009 ഡിസംബർ ഒന്നിനാണ് പോത്തുകല്ല് ഫോറസ്റ്റ് സ്റ്റേഷനിലെ ഗാർഡ് തിരൂരങ്ങാടി എ.ആർ.നഗറിലെ വാരിയങ്ങാടിൽ സുധീർ (34) ബീറ്റ് സന്ദർശനത്തിനിടെ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്.
മുണ്ടേരി തണ്ടൻകല്ല് കോളനിയിലെ ലാലു-മഞ്ജു ദമ്പതികളുടെ 11 മാസം പ്രായമുള്ള കുഞ്ഞും കാട്ടാനയുടെ കലിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പട്ടികയിൽ വരും. കാട്ടാനശല്യം കുറക്കുന്നതിന് മാറിമാറിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയില്ലെത്തുന്നില്ലെന്നതാണ് സത്യം.
വനം ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കണം -പി.വി. അൻവർ
നിലമ്പൂർ: സംസ്ഥാന സർക്കാറിന്റെ വനം നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് പി.വി. അൻവർ എ.എൽ.എ. വനം ഭേദഗതി നിയമം പാസായാൽ നിലമ്പൂർ അങ്ങാടിയിൽ പോലും നടക്കാൻ കഴിയാത്ത അവസ്ഥ വരും. ആനകളും കാട്ടുപന്നികളും പെറ്റ് പെരുകയാണ്. ഇത് നിയന്ത്രിക്കാൻ നടപടി ഉണ്ടാവണം. താൻ കഴിഞ്ഞ മൂന്ന് ദിവസമായി വനം നിയമ ഭേദഗതിക്കെതിരെ ജനകീയ യാത്രയിലാണ്. സമരം പ്രതിപക്ഷം ഏറ്റെടുത്താൽ പിൻമാറാൻ തയാറാണ്. പ്രതിപക്ഷം രംഗത്ത് ഇറങ്ങിയാലേ ജനവിരുദ്ധ ബിൽ തടയാനാകൂ. മണിയുടെ മരണവുമായി ബന്ധപ്പെട്ട് എടക്കരയിൽ ഞായറാഴ്ച വൈകുന്നേരം നടത്താനിരുന്ന ജനകീയ യാത്ര മാറ്റിവെച്ചതായും എം.എൽ.എ അറിയിച്ചു.
മണിയുടെ കുടുംബത്തിന് 10 ലക്ഷം പ്രഖ്യാപിച്ചു
നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ.
മന്ത്രിയുടെ ഉത്തരവ് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാലാണ് പ്രഖ്യാപിച്ചത്. നിലമ്പൂർ ജില്ല ആശുപത്രിയിൽ പി.വി. അൻവർ എം.എൽ.എയുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്.
ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപ കൈമാറി. ബാക്കി അഞ്ചു ലക്ഷം ഉടൻ തന്നെ അവകാശികൾക്ക് നൽകും. മണിയുടെ ഭാര്യക്ക് വനം വകുപ്പ് താൽക്കാലിക ജോലി നൽകും. മണിയുടെ അസുഖ ബാധിതയായ കുട്ടി ഉൾപ്പെടെ അഞ്ച് മക്കളുടെയും ചികിത്സ ചിലവ്, പഠനചിലവ് എന്നിവ വനം വകുപ്പ് വഹിക്കും. കുടുംബത്തെ വനം വകുപ്പ് ഏറ്റെടുക്കുമെന്നും ഡി.എഫ്.ഒ ധനിക് ലാൽ പറഞ്ഞു.
മണിക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വിവരം അറിഞ്ഞപ്പോൾ തന്നെ ഉൾകാട്ടിലേക്ക് പുറപ്പെട്ടുവെന്നും ടാക്സി വാഹനത്തിൽ നെടുങ്കയത്ത് എത്തിച്ചശേഷം ആംബുലൻസിൽ നിലമ്പൂരിലേക്ക് കൊണ്ടുവരുകയും ആശുപത്രിയിൽ എത്തിക്കാൻ താമസം വരുത്തിയിട്ടില്ലെന്നും ഡി.എഫ്.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.