മലപ്പുറം: ജില്ല കുടുംബശ്രീ മിഷൻ സി.ഡി.എസുകൾ സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ഗൃഹശ്രീ പദ്ധതിയുമായി സഹകരിച്ച് ജില്ലയിൽ 75 സ്നേഹവീടുകൾ പണിതുയർത്തും. ഓരോ സി.ഡി.എസുകളുടെ പരിധിയിൽ വരുന്ന നിർധനരായ കുടുംബങ്ങൾക്ക് വീട് നിർമിക്കുകയാണ് ലക്ഷ്യം. ഗൃഹശ്രീ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ധനസഹായവും സി.ഡി.എസുകൾ സമാഹരിക്കുന്ന ഫണ്ടും ഉപയോഗപ്പെടുത്തിയാണ് നിർമാണം. മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ളവരും സ്വന്തമായി വീടില്ലാത്തതും ലൈഫ് പദ്ധതി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവരുമായ നിർധന കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ളവരുമായിരിക്കണം. വിധവ, വിവാഹമോചിത, 40 വയസ് കഴിഞ്ഞ അവിവാഹിത, ഭിന്നശേഷിക്കാരുള്ള കുടുംബം, കിടപ്പിലായ രോഗികളുള്ള കുടുംബം, ഭിന്നലിംഗക്കാർ തുടങ്ങിയവർക്കാണ് മുൻഗണന.
ഏതെങ്കിലും തരത്തിലുള്ള വായ്പയെടുത്ത് ഭവന നിർമാണം നടത്താൻ കഴിയാത്തവരെയും പരിഗണിക്കും. ആനക്കയം, പൊന്നാനി, പള്ളിക്കൽ, വളാഞ്ചേരി, ഏലംകുളം, കൽപകഞ്ചേരി, കൊണ്ടോട്ടി, മഞ്ചേരി, നിറമരുതൂർ, മേലാറ്റൂർ, പുറത്തൂർ, താനാളൂർ, വാഴയൂർ, വെട്ടം, ആതവനാട്, കരുവാരകുണ്ട്, പുൽപ്പറ്റ, വണ്ടൂർ, വഴിക്കടവ്, കീഴുപറമ്പ്, എടക്കര, മൂത്തേടം, മമ്പാട്, പോരൂർ തുടങ്ങിയ കുടുംബശ്രീ സി.ഡി.എസുകളിലാണ് വീടുകൾ നിർമിച്ചുനൽകുക. ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ ജില്ലയിൽ ജനകീയ പദ്ധതികളൊരുക്കുകയാണെന്ന് ജില്ല കുടുംബശ്രീ മിഷൻ കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർത്തസമ്മേളത്തിൽ കുടുംബശീ ഡി.പി.എം എൻ.ആർ. ഷംന, സി.കെ. റിസ്വാന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.