മലപ്പുറം: ജില്ലയിൽ നടപ്പാക്കാൻ നിശ്ചയിച്ച തെരുവുനായ് വന്ധ്യകരണ പദ്ധതി (എ.ബി.സി) നീളുന്നു. വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം വൈകുന്നതാണ് പ്രശ്നത്തിന് കാരണം. ആദ്യം ബ്ലോക്കുതലത്തിലും നിയമസഭ മണ്ഡലതലത്തിലും തുടങ്ങാൻ ഉദേശിച്ച പദ്ധതി പിന്നീട് മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് നടപ്പാക്കാൻ നിശ്ചയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മൃഗാശുപത്രി പരിധികളിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശവും നൽകി.
ഒക്ടോബർ 18ന് ജില്ല പഞ്ചായത്ത് അധികൃതരുടെ അധ്യക്ഷതയിൽ ചേർന്ന സംയുക്ത യോഗമാണ് തീരുമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് വിട്ടത്. എന്നാൽ, തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നത് നീണ്ടതോടെ എ.ബി.സി എങ്ങുമെത്താതെ കിടക്കുകയാണ്. പദ്ധതി നടപ്പാക്കാൻ പ്രാഥമികമായി നാല് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭ പരിധിയിലെ മൃഗാശുപത്രിയുമാണ് ജില്ല മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു തീരുമാനം.
എന്നാൽ, ഇക്കാര്യത്തിൽ അതത് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾ അനുകൂല തീരുമാനം എടുക്കാത്തതിനാൽ പദ്ധതി മുന്നോട്ട് ചലിക്കാനാകാതെ നിൽക്കുകയാണ്. നിലവിൽ ഒരു ഗ്രാമപഞ്ചായത്ത് വിഷയത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ബോർഡ് യോഗത്തിനുശേഷമേ ഇക്കാര്യത്തിലും ഉറപ്പുണ്ടാകു. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി കിട്ടിയാൽ പദ്ധതി ആരംഭിക്കാൻ തയാറാണെന്ന് ജില്ല മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പദ്ധതി നേരത്തേ നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ ആരംഭിക്കാനായിരുന്നു പഞ്ചായത്ത് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, എം.എൽ.എമാർ എന്നിവരുമായി നടത്തിയ കൂടിയാലോചനയിൽ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് പ്രായോഗികമല്ലെന്ന് കണ്ടതോടെയാണ് മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് നടപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പ് പദ്ധതി ആവിഷ്കകരിച്ചത്. പദ്ധതി നടപ്പാക്കുമ്പോൾ ഓരോ പ്രദേശത്തെ നായ്ക്കളുടെ എണ്ണത്തിന് അനുസരിച്ച് ഓപറേഷന് തീയറ്റര്‍, നായ്ക്കളെ സംരക്ഷിക്കാൻ ഷെല്‍ട്ടര്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ വേണം. കെട്ടിട സൗകര്യത്തോടൊപ്പം ഡോഗ് റൂളും സ്റ്റാന്റേഡ് ഓപറേറ്റിങ് പ്രൊസീജറും (എസ്.ഒ.പി) കൂടി പാലിക്കണം. ഇതിന്റെ മാനദണ്ഡം വെറ്ററിനറി സര്ജന് നിശ്ചയിച്ച് മുഖ്യനിര്‍വഹണ ഏജന്‍സിയായ തദ്ദേശ സ്ഥാപനത്തെ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.