നിലമ്പൂർ: വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച അപകടത്തിൽ നിർത്താതെ പോയ ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവറായ ആന്ധ്രപ്രദേശ് കർണൂൽ സ്വദേശി ദസ്തഗിരി സാഹേബിനെ (45) നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണു അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നിന് പുലർച്ച 1.10നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിന്‍റെ കൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന എരഞ്ഞിമങ്ങാട് സ്വദേശി ഷിനുവാണ് അപകടത്തിൽ മരിച്ചത്. മമ്പാട് ഭാഗത്തുനിന്ന് നിലമ്പൂരിലേക്ക് വരുകയായിരുന്ന ഇവരുടെ ബൈക്കിൽ ലോറി തട്ടുകയായിരുന്നു. ലോറിക്കടിയിലേക്ക് വീണ ഷിനുവിന്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി. ലോറി മഞ്ചേരി ഭാഗത്തേക്ക് നിർത്താതെ ഓടിച്ചുപോയി. അതുവഴി വന്ന ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഷിനു മരിച്ചിരുന്നു. ബൈക്കോടിച്ച ചോക്കാട് സ്വദേശി റാഷിദ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്‍റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നാടുകാണി മുതൽ മഞ്ചേരിവരെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിർത്താതെ പോയ ലോറി ആന്ധ്രപ്രദേശ് രജിസ്ട്രേഷനിലുള്ളതാണെന്ന് സൂചന ലഭിച്ചു. തുടർന്ന് ലോറി ഓണേഴ്സ് അസോസിയേഷൻ സഹായത്തോടെ വാഹന ഉടമയുമായി ബന്ധപ്പെട്ട് ലോറി നിലമ്പൂരിൽ എത്തിക്കുകയായിരുന്നു. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് അരിയുമായി എത്തിയതായിരുന്നു ലോറി. എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, പ്രിൻസ്, സജേഷ് എന്നിവരും പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.