തേഞ്ഞിപ്പലം: "നമസ്കാരം കെ.എസ്.ഇ.ബി സാറന്മാരെ, ദേവതിയാൽ കൊയപ്പപാടം റോഡിൽ ചിങ്ങത്ത് ത്രീ ഫേസ് ലൈനിൽ കമ്പി തുരുമ്പിച്ചു. ഒരു ഇഴ കൂടിയേ വിടാൻ ഉള്ളൂ. അതുകൂടി വിട്ടാൽ ലൈൻ റോഡിൽ വീഴും" -ഏഴാം ക്ലാസുകാരൻ ധ്രുവൻ ചേളാരി വൈദ്യുതി സെക്ഷനിലെ ലൈൻമാൻ സുരേഷിന്റെ വാട്സ്ആപ്പിലേക്ക് അയച്ച സന്ദേശം ഒരു നാടിന് തന്നെ രക്ഷയായി. സന്ദേശം അവഗണിക്കാതെ എത്തിയ ജീവനക്കാർ കണ്ടത് ഏത് നിമിഷവും പൊട്ടിവീഴാൻ പാകത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എച്ച്.ടി ലൈനാണ്. തേഞ്ഞിപ്പലം ദേവതിയാൽ തിരുനിലത്ത് മണ്ണാറക്കൽ സുരേഷ്-ഷിജി ദമ്പതികളുടെ മകെൻറ സന്ദേശം മാത്രമാണ് ഉണ്ടാവുമായിരുന്ന വൻ ദുരന്തത്തെ ഒഴിവാക്കിയത്.
തെങ്ങുകയറ്റ തൊഴിലാളിയായ പിതാവ് സുരേഷ് തെങ്ങ് കയറുന്ന വിഡിയോ മൊബൈലിൽ പകർത്താനാണ് ധ്രുവൻ അച്ഛനോടൊപ്പം പോയത്. വിഡിയോ ചിത്രീകരിക്കുന്നതിനിടെ തെങ്ങിൻ മുകളിലേക്ക് പിതാവ് കയറുന്നത് എടുക്കുന്നതിനിടെയാണ് വൈദ്യുതി ലൈനിലെ അപകടം മൊബൈലിലൂടെ ധ്രുവൻ കാണുന്നത്. ഇക്കാര്യം അച്ഛെൻറ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ചേളാരി വൈദ്യുതി സെക്ഷനിലെ ജീവനക്കാരുടെ നമ്പറിന് വേണ്ടി ഗൂഗ്ളിൽ തിരഞ്ഞെങ്കിലും ലഭിച്ചില്ല. ഒടുവിലാണ് സമീപത്തെ ഒരാളിൽനിന്ന് ലൈൻമാൻ സുരേഷിെൻറ നമ്പർ കിട്ടിയത്. ഉടൻ തന്നെ സന്ദേശം അയച്ചു. വെള്ളിയാഴ്ച രാവിലെ തന്നെ സബ് എൻജിനീയർ ബിജു, ലൈൻമാന്മാരായ രഘുലാൽ, സുരേഷ്, വർക്കർമാരായ ബിനീഷ്, പരമേശ്വരൻ, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അപകടാവസ്ഥയിലായ ലൈനിലെ തകരാർ പരിഹരിച്ചു.
സന്ദേശം അയച്ച ധ്രുവനെ വിളിച്ചുവരുത്തി നോട്ടുപുസ്തകങ്ങൾ സമ്മാനമായി നൽകിയാണ് വൈദ്യുതി ജീവനക്കാർ മടങ്ങിയത്. കാലിക്കറ്റ് സർവകലാശാല കാമ്പസ് സ്കൂളിലാണ് ധ്രുവൻ പഠിക്കുന്നത്. സഹോദരി രുദ്ര ചേളാരി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.