മലപ്പുറം: ശോചനീയാവസ്ഥയിലായ കോട്ടപ്പടി താലൂക്ക് ആശുപത്രി കെട്ടിടം മൂന്നിടങ്ങളിലേക്കായി മാറ്റുന്ന കാര്യത്തിൽ കൗൺസിൽ യോഗത്തിൽ ഏകദേശ ധാരണയായി. കോട്ടപ്പടി അബ്ദുറഹ്മാൻ സ്മാരകം, വലിയങ്ങാടി കിളിയാമണ്ണിൽ ഓഡിറ്റോറിയം, മലപ്പുറം ടൗൺഹാളിന്റെ ഭക്ഷണ ഹാൾ എന്നിവിടങ്ങളിലേക്കാണ് മാറ്റുക. അബ്ദുറഹ്മാൻ സ്മാരകത്തിലേക്ക് ഒ.പിയും ഫാർമസിയും എക്സറെ യൂനിറ്റുമാണ് മാറ്റാൻ ഉദ്ദേശിക്കുന്നത്.
കിടത്തി ചികിത്സക്കായി മെഡിഡിൻ വിഭാഗത്തിൽ 40 ബെഡ്ഡുകളും കുട്ടികളുടെ വിഭാഗത്തിൽ 10 ബെഡ്ഡുകളും ഡോക്ടേഴ്സ് റൂമും നഴ്സസ് റൂമും ഉൾപ്പെടെയുള്ളവ കിളിയമണ്ണിൽ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയേക്കും. മരുന്ന് സൂക്ഷിക്കുന്ന കേന്ദ്രം കുന്നുമ്മൽ ടൗൺ ഹാളിലെ ഭക്ഷണ ഹാളിലേക്കും മാറ്റിയേക്കും.
എന്നാൽ അബ്ദുറഹ്മാൻ സ്മാരകം, കിളിയമണ്ണിൽ ഓഡിറ്റോറിയം എന്നിവ വാടക നൽകി നഗരസഭ എടുക്കേണ്ടിവരും. ഇതിലെ വാടക സംബന്ധിച്ച് കെട്ടിട ഉടമകളുമായി ചർച്ച നടത്താൻ ഉപസമിതിയെ ചുമതലപ്പെടുത്തി.
ചെയർമാൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പരി അബ്ദുൽ ഹമീദ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. സക്കീർ ഹുസൈൻ, കൗൺസിലർ സി. സുരേഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജേഷ് രാജൻ, കൗൺസിലർ സി.എച്ച്. നൗഷാദ്, മുനിസിപ്പൽ എൻജിനീയർ എന്നിവരെ ഉപസമിതിയിൽ ഉൾപ്പെടുത്തി.
ഉപസമിതി ഉടമകളുമായി ചർച്ച നടത്തി ജൂലൈ 19നം റിപ്പോർട്ട് തയാറാക്കും. തുടർന്ന് 19ന് ചേരുന്ന കൗൺസിൽ യോഗം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. ആഗസ്റ്റ് ഒന്നോടെ താലൂക്ക് ആശുപത്രി പ്രവർത്തനം മാറ്റാനാണ് ശ്രമമെന്ന് അധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു.
മലപ്പുറം താലൂക്ക് ആശുപത്രിയിൽ രാത്രികാല ഫാർമസി തുടങ്ങാൻ സാധ്യത തെളിയുന്നു. ഇതിനായി തദ്ദേശ വകുപ്പ് കോഓഡിനേഷൻ കമ്മിറ്റിയുടെ (സി.സി) അനുമതി തേടാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.
താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കത്തിനെ തുടർന്നാണ് കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തത്. കോ ഓഡിനേഷൻ കമ്മിറ്റിയുടെ അനുമതി ലഭിക്കുന്ന മുറക്ക് രാത്രിയിൽ താലൂക്ക് ആശുപത്രിയിൽ ഫാർമസി പ്രവർത്തിക്കും. നിലവിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് ഒ.പി പ്രവർത്തനം. അത്യാഹിത വിഭാഗത്തിൽ രാത്രി ഡോക്ടർമാരുടെ സേവനം ലഭ്യമായിട്ടും രോഗികൾക്ക് മരുന്ന് കിട്ടാത്ത സ്ഥിതിയുണ്ട്. പ്രശ്നം വലിയ പരാതികൾക്ക് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.