തേഞ്ഞിപ്പലം: സർവിസ് മുടങ്ങി യാത്രക്കാരനെ ബുദ്ധിമുട്ടിച്ച എയർ ഇന്ത്യ എക്സ് പ്രസിനെതിരായ പരാതിയിൽ യാത്രക്കാരന് നഷ്ടപരിഹാരം. സൗദിയിലെ അൽ അഹ്സയിൽ ജോലിചെയ്യുന്ന സൈദലവി പറമ്പിൽപീടികക്കാണ് എയർഇന്ത്യ എകസ് പ്രസ് നഷ്ടപരിഹാരം നൽകിയത്.
ജൂൺ 17ന് കുടുംബത്തോടൊപ്പം ബലിപെരുന്നാൾ ആഘോഷിക്കാനാണ് ഉയർന്ന നിരക്കിൽ ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്ക് IX382 വിമാനത്തിൽ ടിക്കറ്റ് എടുത്തത്. അർധ രാത്രി 12.05ന് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാർ കാരണം റദ്ദാക്കിയതായും ടിക്കറ്റ് റീഫണ്ട് ചെയ്യുകയോ ഒരാഴ്ചക്കുള്ളിൽ മറ്റൊരു യാത്രാദിവസം തെരഞ്ഞെടുക്കുകയോ ചെയ്യാമെന്നായിരുന്നു വിമാനകമ്പനിയുടെ അറിയിപ്പ്. ടിക്കറ്റ് റീഫണ്ട് ചെയ്തതോടൊപ്പം പിറ്റേദിവസത്തെ ഇൻഡിഗോ എയർവെയ്സിൽ യാത്ര തരപ്പെടുത്തി.
മൂന്നര മണിക്കൂർ കഴിഞ്ഞപ്പോൾ എക്സ് പ്രസിൽ നിന്ന് മറ്റൊരു സന്ദേശം കൂടി വന്നതായും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയർഇന്ത്യ വിമാനത്തിന്റെ സർവിസ് കോഴിക്കോട് വഴി നീട്ടിയിട്ടുണ്ടെന്നും മണിക്കൂറുകളുടെ മാറ്റത്തിൽ യാത്ര ചെയ്യാമെന്നും വിമാന കമ്പനി അറിയിച്ചതായും എന്നാൽ അതിന് സാധിച്ചില്ലെന്നും സൈദലവി പറമ്പിൽപീടിക പറഞ്ഞു. 33 വർഷ പ്രവാസജീവിത കാലത്തിനിടക്ക് കമ്പനി ആദ്യമായി നൽകിയ ആനുകൂല്യം എയർ ഇന്ത്യ എക്സ് പ്രസിന്റെ നിരുത്തരവാദിത്വം കാരണം നഷ്ടമായെന്ന് കാണിച്ച് എയർ ഇന്ത്യ എക്സ് പ്രസ് നോഡൽ ഓഫിസർക്ക് ഇമെയിൽ മുഖേന പരാതി നൽകുകയായിരുന്നു.
ഇതോടെയാണ് അന്നത്തെ ടിക്കറ്റ് വിലയുടെ 35 ശതമാനം (പതിനായിരം രൂപ)നഷ്ടപരിഹാരമായി വിമാനകമ്പനി അനുവദിച്ചത്. ഒരുവർഷത്തിനിടയിൽ യാത്ര ചെയ്യാവുന്ന രീതിയിലുള്ള കമ്പനി വൗച്ചറാണ് എക്സ് പ്രസിൽനിന്നും ലഭിച്ചതെന്ന് സൈദലവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.