എടക്കര: തുടര്‍ച്ചയായി കാട്ടാനകളിറങ്ങുന്നത് മുണ്ടേരി അപ്പന്‍കാപ്പ് കോളനിവാസികളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വ്യാപക കൃഷിനാശമാണ് കാട്ടാനകള്‍ കോളനിയില്‍ വരുത്തിയത്. കോളനിയിലെ വേലായുധന്റെ കൃഷിയിടത്തിലെ റബര്‍, തെങ്ങ്, കമുക്, വാഴ എന്നിവയാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനകള്‍ നശിപ്പിച്ചത്. വനാതിര്‍ത്തിയോട് ചേര്‍ന്ന വീടുകളില്‍ താമസിക്കുന്നവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ഇവരുടെ വീടുകള്‍ക്കുപോലും ആനകള്‍ ഭീഷണിയാകുന്നുണ്ട്.
ഭീതിമൂലം ആളുകള്‍ സന്ധ്യകഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങാത്ത അവസ്ഥയാണ്.
കാട്ടാനശല്യം തടയാന്‍ കോളനിക്ക് ചുറ്റും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മീറ്റര്‍ ഉയരത്തില്‍ കരിങ്കല്ലുകൊണ്ട് മതില് കെട്ടിയിരുന്നു. എന്നാല്‍, ഈ മതില് തകര്‍ത്താണ് കാട്ടാനകള്‍ കോളനിയില്‍ എത്തുന്നത്. തകര്‍ന്ന മതിലിന്റെ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ഈ ഭാഗത്തുകൂടിയാണ് ആനകള്‍ സ്ഥിരമായി കോളനിയിലെത്തുന്നത്. ആനശല്യം തടയുന്നതിന് കോളനിക്ക് ചുറ്റും വൈദ്യുതിവേലി സ്ഥാപിക്കണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെടുന്നു.
കാട്ടാനശല്യം മൂലമുണ്ടാകുന്ന കാര്‍ഷിക വിളനാശത്തിന് മതിയായ നഷ്ടപരിഹാരവും ലഭിക്കുന്നില്ലെന്ന് കോളനിക്കാര്‍ പരാതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.