മുഹമ്മദ് നസറുദ്ദീൻ, ശുഹൈബ്, അബ്ദുൽ ബാസിത്, ജുനൈദ്
കോട്ടക്കൽ: ആളൊഴിഞ്ഞ പറമ്പിൽ അവശനിലയിൽ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുപ്രസിദ്ധ റൗഡിയടക്കം നാല് പ്രതികളെ കൊട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി മൻജൂർ അലിയുടെ മകൻ ഹാബിൽ ഹുസൈൻ(23) ആണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.
വിവിധ കേസുകളിൽ പ്രതിയായ തിരൂരങ്ങാടി ചന്തപ്പടി പാറയിൽ മുഹമ്മദ് നസറുദ്ദീൻ (27), ഒഴൂർ ഓമച്ചപ്പുഴ തറമ്മൽ ജുനൈദ്(32), കോട്ടക്കൽ കെ.എൻ ബസാർ കോലംതിരുത്തി അബ്ദുൽ ബാസിത് (26), കൽപകഞ്ചേരി മഞ്ഞച്ചോല കടിയപ്പുറം ശുഹൈബ് (33) എന്നിവരെയാണ് മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്.
ആയുധം കൊണ്ട് തലക്കടിയേറ്റതാണ് മരണകാരണം. കോട്ടക്കൽ, തിരൂരങ്ങാടി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘാംഗങ്ങളാണ് പിടിയിലായതെന്നും ലഹരി വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.
മാർച്ച് ഒന്നിന് കോട്ടക്കൽ സംഗീത തീയറ്ററിന് എതിർവശമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ഹാബിൽ ഹുസൈനെ അവശനിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്. പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെ മൂന്നിന് ഇയാൾ മരണപ്പെട്ടു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല.
െകാല്ലപ്പെട്ട ഹാബിൽ ഹുസൈൻ
ശക്തിയേറിയ ആയുധം കൊണ്ടുള്ള അടിയാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ കൊല്ലപ്പെട്ട ഹാബിലിന്റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. ഇതോടെയാണ് തെന്നല പൂക്കിപ്പറമ്പ് ഭാഗത്ത് വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തെ പറ്റി വിവരം ലഭിക്കുന്നത്.
ഒന്നാംപ്രതി മുഹമ്മദ് നസറുദ്ദീനും കൂട്ടുപ്രതി ശുഹൈബും മരണപ്പെട്ട ഹാബിൽ ഹുസൈൻ വഴി കഞ്ചാവ് വിൽപന നടത്തിയിരുന്നു. കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന ബംഗാളി സ്വദേശിനി രണ്ട് കിലോഗ്രാം കഞ്ചാവ് ഹാബിലിന് നേരിട്ട് നൽകിയതിലുള്ള വിരോധമാണ് കൃത്യത്തിലേക്ക് നയിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞ പ്രതികളെ പെരുമ്പാവൂർ, ചിനക്കൽ, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. എസ്.ഐ സൈഫുള്ള, പൊലീസുകാരായ ബിജു, ജിനേഷ്, ഡാൻസാഫ് ടീം അംഗങ്ങളായ ജാസിർ, ദിനേശ്, സലിം, രഞ്ജിത്ത് എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്. മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.