മലപ്പുറം: തിരുവാലിയില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയതിന് പിന്നിൽ അമിത ചൂടാകാം കാരണമെന്ന് വിലയിരുത്തൽ.
കഴിഞ്ഞ വര്‍ഷം പ്രദേശത്ത് നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വവ്വാലുകൾ കൂട്ടത്തോടെ ചത്തത് ആരോഗ്യ വകുപ്പ് അടക്കമുള്ളവർ ഗൗരവത്തിലെടുത്തത്.
പ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. നിപ പോലുള്ള വൈറസുകളെ തരണം ചെയ്യാനുള്ള ശരീരഘടനയാണ് വവ്വാലുകളുടേത്. വൈറസ് കാരണം ഇത്തരം ജീവികൾ ചാകാറില്ല. വേനൽ കടുത്ത സാഹചര്യത്തിൽ താപനില ഉയർന്നതിനാലാകാം വവ്വാലുകൾ ചാവാൻ കാരണമെന്ന നിഗമനത്തിനാണ് കൂടുതൽ സാധ്യതയെന്നാണ് ആരോഗ്യ വകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. രണ്ടാഴ്ച മുമ്പാണ് പ്രദേശത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. 15ഓളം കുഞ്ഞു വവ്വാലുകളാണ് ചത്തത്.
ഉടനെ വനംവകുപ്പിനെയും ആരോഗ്യ വകുപ്പിനെയും വിവരമറിയിക്കുകയും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.
ചൂട് കാരണമാകാം വവ്വാലുകൾ ചത്തതെന്ന് പ്രാഥമിക പരിശോധനയിൽ വെറ്ററിനറി വിഭാഗം സൂചന നൽകിയിരുന്നു. ഈ വാദത്തിന് തന്നയാണ് സാധ്യതയെന്നാണ് ആരോഗ്യവകുപ്പും വ്യക്തമാക്കുന്നത്. അതേസമയം പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇതുവരെ വന്നിട്ടില്ല. ഫലം വന്നാൽ കൂടുതൽ വ്യക്തത വരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.