കരിപ്പൂർ: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഗ്നേച്ചര്‍ സ്റ്റോർ പ്രവർത്തനം ആരംഭിച്ചതോടെ കുടുംബശ്രീ ബ്രാൻഡ് ലോകത്തിന് മുന്നിലേക്ക് തുറന്ന കിളിവാതിലായതായി തദ്ദേശമന്ത്രി എം.ബി. രാജേഷ്. വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച കുടുംബശ്രീയുടെ ഉൽപന്ന വിപണനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീക്ക് ചിറക് മുളച്ച് പറക്കാറായെന്നും ഖ്യാതി അതിരുകൾക്കപ്പുറത്തേക്ക് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച 'അവസർ' പദ്ധതിക്ക് കീഴിൽ സംസ്ഥാനത്ത് ആദ്യമായി കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബശ്രീ ആരംഭിക്കുന്ന ഉൽപന്ന വിപണനശാലയാണ് ഇത്.
വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിലാണ് ഇത്തരത്തിൽ ഉൽപന്ന വിതരണത്തിനും പ്രദർശനത്തിനും അവസരം നൽകുന്നത്. അന്താരാഷ്ട്ര പുറപ്പെടൽ ഹാളിൽ 80 ചതുരശ്ര അടിയാണ് സ്റ്റോറിനായി അനുവദിച്ചിരിക്കുന്നത്. ജില്ലയിലെയും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേയും കുടുംബശ്രീ യൂനിറ്റുകളുടെ മികച്ച ഉൽപന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഭക്ഷ്യ ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് സ്റ്റോറിൽ ലഭിക്കുന്നത്. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി ചെമ്പൻ അധ്യക്ഷനായി.
എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് ആദ്യ വിൽപന നിർവഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക്, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ കലാം മാസ്റ്റർ, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൻ സി.ടി. ഫാത്തിമത്ത് സുഹറാബി, എയർപോർട്ട് ഓപറേഷൻസ് ജോയന്റ് ജനറൽ മാനേജർ എസ്. സുന്ദർ, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് എ.വി. കിഷോർ, കമേഴ്ഷ്യൽ ജോയന്റ് ജനറൽ മാനേജർ ആർ. രാജേഷ്, കുടുംബശ്രീ സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജർ എസ്.എസ്. മുഹമ്മദ് ഷാൻ, ജില്ല കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.