മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര സെപ്റ്റംബർ 27, 28, 29 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 27ന് രാവിലെ 6.30ന് പുലാമന്തോൾ പാലം വഴി ജാഥ ജില്ലയിലേക്ക് പ്രവേശിക്കും. പുലാമന്തോളിൽനിന്ന് ആരംഭിക്കുന്ന ജാഥ ഉച്ചക്ക് 12ന് പെരിന്തൽമണ്ണ പൂപ്പലത്ത് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിയും. ഉച്ചക്കു ശേഷം പട്ടിക്കാട്ടുനിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഏഴോടുകൂടി പാണ്ടിക്കാട്ട് സമാപിക്കും. 28ന് രാവിലെ 6.30ന് പാണ്ടിക്കാട്ടുനിന്ന് ആരംഭിക്കുന്ന പദയാത്ര രണ്ടു മണിയോടുകൂടി കാക്കത്തോട് പാലം വഴി പ്രവേശിക്കും. ഇവിടെ പദയാത്രക്ക് പ്രത്യേക സ്വീകരണം ഒരുക്കിയിട്ടുണ്ട്.
ശേഷം ഉച്ചക്ക് 12ന് ജാഥ വണ്ടൂരിലേക്ക് എത്തി ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിയും. നാലു മണിക്ക് വണ്ടൂർ നടുവത്തുനിന്ന് ആരംഭിക്കുന്ന പദയാത്ര വൈകീട്ട് ഏഴിന് നിലമ്പൂർ ചന്തക്കുന്നിൽ ബഹുജന റാലിയോടുകൂടി സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും. 29ന് രാവിലെ ചുങ്കത്തറ മുട്ടിക്കടവിൽനിന്ന് ആരംഭിക്കുന്ന പദയാത്ര 11ഓടെ വഴിക്കടവിൽ സമാപിക്കും. ഇതോടെ യാത്ര കേരളത്തിൽ സമാപിച്ച് നാടുകാണി വഴി തമിഴ്നാട്ടിലേക്ക് കടക്കും. ഉച്ചക്കുശേഷം നാടുകാണിയിൽനിന്നാണ് പദയാത്ര പുനരാരംഭിക്കുന്നത്.
പദയാത്രയുടെ വിജയത്തിനായി മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ല കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. ജില്ല അതിർത്തിയിലും വയനാട് പാർലമെന്റ് മണ്ഡലാതിർത്തിയിലും വൻ സ്വീകരണം നൽകും. പുലാമന്തോൾ മുതൽ വഴിക്കടവ് വരെയുള്ള 72 കിലോമീറ്റർ അഞ്ച് മേഖലകളായി തിരിച്ച് അഞ്ച് സബ് കമ്മിറ്റിക്ക് ചുമതല നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ എ.പി. അനിൽകുമാർ എം.എൽ.എ, ജില്ല കോൺഗ്രസ് അധ്യക്ഷൻ അഡ്വ. വി.എസ്. ജോയി, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, മുൻ ജില്ല കോൺഗ്രസ് അധ്യക്ഷൻ ഇ. മുഹമ്മദ് കുഞ്ഞി, മിഡിയ കൺവീനർ വീക്ഷണം മുഹമ്മദ് എന്നിവർ പങ്കെടുത്തു.
സംസ്ഥാനതല സമാപനം നിലമ്പൂരിൽ
മലപ്പുറം: 19 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ സംസ്ഥാനതല സമാപനം നിലമ്പൂരിൽ നടക്കും. 28 വൈകീട്ട് നടക്കുന്ന ബഹുജന റാലിക്കുശേഷം ഏഴോടെ ചന്തക്കുന്നിലാണ് സമാപന ചടങ്ങ് നടക്കുക. കേന്ദ്ര,സംസ്ഥാന നേതാക്കളടക്കം പരിപാടിയിൽ സന്നിഹിതരാകും. കോൺഗ്രസ് പ്രവർത്തകർ കൂടാതെ പോഷക സംഘടനകളിലെ പ്രവർത്തകരും പൊതുജനങ്ങളും സ്ഥലത്തേക്ക് എത്തുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.