മലപ്പുറം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിെൻറ സഹായത്തോടെ രണ്ടിടങ്ങളിൽ മലപ്പുറം നഗരസഭ ജൈവവൈവിധ്യ പാർക്കുകൾ ഒരുക്കുന്നു. ഹാജിയാർപള്ളി മൈതാനത്തോട് ചേർന്ന കലുണ്ടിപ്പുഴയോരത്ത് 15 സെൻറ് ഭൂമിയിലും കാവുങ്ങൽ നെച്ചികുറ്റിയിലെ സ്വാഭാവിക സസ്യങ്ങൾ ഇടതൂർന്ന് വളരുന്ന പുഴയോട് ചേർന്ന 15 സെൻറ് സ്ഥലത്തുമാണ് പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്.
ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുക, ജൈവസമ്പത്ത് സംരക്ഷിക്കുന്നതിെൻറ ആവശ്യകത പൊതുജനങ്ങളിലെത്തിക്കുക, സംരക്ഷണ മാർഗങ്ങൾ അവതരിപ്പിക്കുക, സസ്യ ജീവജാലങ്ങളെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും സാഹചര്യമൊരുക്കുക, ജൈവ സംരക്ഷണ മാർഗങ്ങൾ സ്വന്തമായി നടപ്പാക്കാൻ പ്രചോദനം നൽകുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.
ഉദ്യാനത്തിൽ 100 കുറ്റിച്ചെടികൾ, ഔഷധസസ്യങ്ങൾ, വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങൾ, മരങ്ങളിൽ പടരുന്ന ഇനങ്ങൾ എന്നിവയടക്കം 200ലധികം ചെടികൾ ഉണ്ടാകും.
ഇവ ഒരു മീറ്റർ അകലത്തിൽ വെച്ചുപിടിപ്പിച്ച് വിവരങ്ങൾ അടങ്ങിയ ക്യു.ആർ കോഡ് അടക്കം സസ്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതും ഇടയിലൂടെ ചെറു നടപ്പാതകൾ നിർമിക്കുന്നതും പദ്ധതി വഴി വിഭാവനം ചെയ്യുന്നുണ്ട്.
പത്ത് പ്രകൃതിസൗഹൃദ ബാംബൂ പ്ലെയിൻ ഇരിപ്പിടങ്ങൾ സന്ദർശകർക്ക് ഇരിക്കാനായി ഒരുക്കും. ജൈവവേലി, പ്രകൃതി സൗഹൃദ വസ്തുക്കളാൽ നിർമിക്കുന്ന പ്രവേശനകവാടം, കിടങ്ങുകീറി വേർതിരിച്ച ശലഭോധ്യാനം, ചെറുരൂപങ്ങൾ, മഴവെള്ളക്കൊയ്ത്ത് സംഭരണി, മണ്ണിര കമ്പോസ്റ്റ് യൂനിറ്റ് എന്നിവയും പാർക്കിലുണ്ടാവും. നിർമാണക്കരാർ നൽകിയതായും നാല് മാസംകൊണ്ട് നിർമിച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ കഴിയുമെന്നും സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.