മഞ്ചേരി/ കോട്ടക്കൽ: ബസ് ഡ്രൈവറെ ഒരു സംഘം മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ബസുകൾ വ്യാഴാഴ്ച സർവീസ് നടത്തില്ലെന്ന് ജീവനക്കാർ അറിയിച്ചു. മഞ്ചേരിയിൽ നിന്നും കോട്ടക്കലിൽ നിന്നും സർവീസ് ആരംഭിക്കുന്ന ബസുകൾ ഓടില്ലെന്ന് ജീവനക്കാർ പറഞ്ഞു.
ബുധനാഴ്ച്ച വൈകിട്ട് വായ്പാറപ്പടിയിൽ ഉണ്ടായ സംഘർഷത്തിലാണ് ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്കേറ്റത്. ബസ് ഡ്രൈവർ കോട്ടക്കൽ സ്വദേശി കാലൊടി അലിറാഫി (34), നാട്ടുകാരനായ വെള്ളാരങ്ങൽ സ്വദേശി കണ്ണിയൻ ഷാഹിൽ അഹമ്മദ് (21), ഓട്ടോ യാത്രക്കാരിയായ വേട്ടേക്കോട് സ്വദേശി എന്നിവർക്കാണ് പരിക്കേറ്റത്.
മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനെ ഒരു കാർ ഓവർടേക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തി. ബസ് ജീവനക്കാരുമായി തർക്കം നടക്കുന്നതിനിടെ ബസ് അപകടരമാം വിധം മുന്നോട്ടെടുത്തതായി നാട്ടുകാർ പറയുന്നു. മുന്നോട്ടെടുത്ത ബസ് ഒരു ഒാട്ടോയിലിടിച്ചിരുന്നു. ഇതേതുടർന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം ഉടലെടുത്തു. തുടർന്നുണ്ടായ അക്രമത്തിലാണ് ഡ്രൈവർക്കും നാട്ടുകാരനായ യുവാവിനും പരിക്കേറ്റത്. മൂന്ന് പേരും മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി.
കാറിലെ യാത്രക്കാർ ഡ്രൈവറെ കൈയേറ്റം ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടാണ് ബസ് ഓട്ടോയിലിടിച്ചതെന്ന് ബസ് ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.