ചങ്ങരംകുളം: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ആലങ്കോട് ഗ്രാമപഞ്ചായത്തിലെ രണ്ടിടങ്ങളിൽ കുപ്പിവെള്ള കമ്പനി പ്രവർത്തനം തുടങ്ങുമ്പോൾ പ്രദേശത്തെ ജനങ്ങൾ ഏറെ ഭീതിയിലാണ്. ഇവിടെ നടക്കുന്ന ശക്തമായ ജനകീയ സമരങ്ങളെയും പ്രതിഷേധങ്ങളെയും കാറ്റിൽ പറത്തി പഞ്ചായത്തിൽ രണ്ട് കുപ്പിവെള്ള കമ്പനികൾക്ക് അധികൃതർ അനുമതി നൽകുകയാണ്.
ആലങ്കോട്, കാളാച്ചാൽ പ്രദേശങ്ങളിലാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി കമ്പനി ആരംഭിക്കുന്നത്. ഏതാനും വർഷം മുമ്പ് ആലങ്കോട് സബീന റോഡിൽ നിർമാണം പൂർത്തീകരിച്ച കുപ്പിവെള്ള പ്ലാന്റ് ആണ് ഹൈകോടതിയുടെ അനുമതിയുണ്ടെന്ന പേരിൽ അടുത്ത ദിവസം പ്രവർത്തനം ആരംഭിക്കാനിരിക്കുന്നത്. ഈ പ്ലാന്റിനെതിരെ ശക്തമായ ജനകീയസമരം തുടക്കം മുതൽ ഉണ്ടായിരുന്നു.
ജനങ്ങൾ ഒറ്റക്കെട്ടായി ജനകീയസമിതി രൂപവത്കരിക്കുകയും കമ്പനി ഉടമയുടെ വീടിനു മുന്നിൽ ദിവസങ്ങളോളം കുടിൽ കെട്ടി സമരം നടത്തുകയും ചെയ്തിരുന്നു. തുടക്കത്തിൽ ആലങ്കോട് പഞ്ചായത്ത് കെട്ടിട നിർമാണത്തിന് അനുമതി നൽകിയത് വിവാദമായിരുന്നു.
ജനകീയസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈകോടതി കമ്പനിക്കുള്ള അനുമതി തടഞ്ഞുവെച്ചു. എന്നാൽ ജനകീയസമരം അവസാനിച്ച സാഹചര്യം മുതലാക്കി കമ്പനി ഉടമകൾ ഹൈകോടതിയിൽനിന്ന് അനുമതി വാങ്ങി ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. തങ്ങൾ നരിപ്പറമ്പിൽനിന്ന് വെള്ളം കൊണ്ടുവന്നാണ് കുപ്പിവെള്ളം നിർമിക്കുന്നതെന്നും പ്രവർത്തിക്കാനുള്ള അനുമതി ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടെന്നും കമ്പനി ഉടമ പറഞ്ഞു.
സമാന സാഹചര്യമാണ് കാളാച്ചാലിലും. അവിടെ ആരംഭിക്കാനിരുന്ന കുപ്പിവെള്ള കമ്പനിക്ക് എതിരെ ജല ചൂഷണ ജാഗ്രതസമിതി ശക്തമായ സമരത്തിലാണ്. ഇതിനിടയിൽ പഞ്ചായത്ത് സെക്രട്ടറി കമ്പനി കെട്ടിടത്തിന് അനുമതി നൽകിയെന്നാണ് സമിതിയുടെ ആരോപണം. ഹൈകോടതി നിബന്ധനകൾ പോലും മറികടന്ന് കെട്ടിടനമ്പർ നൽകിയതിനെതിരെ വൻ ജനരോഷമുണ്ട്.
കടുത്ത കുടിവെളളക്ഷാമം നേരിടുന്ന കാളാച്ചാലിൽ ഉയരുന്ന കുപ്പിവെള്ള കമ്പനിക്കെതിരെ തുടക്കം മുതൽ ഗ്രാമവാസികൾ ശക്തമായി ശബ്ദം ഉയർത്തുകയാണ്. ഗ്രാമസഭയും പഞ്ചായത്ത് ഭരണസമിതിയും ഹൈകോടതിയും ആശങ്കകളും പ്രതിഷേധവും ശരിവെച്ച് ഫാക്ടറി നിർമാണത്തിന്റെ ആരംഭഘട്ടത്തിൽത്തന്നെ ശക്തമായ നിലപാട് എടുത്തതാണ്. പണി നിർത്താൻ നേരത്തെ പഞ്ചായത്ത് സ്റ്റോപ് മെമ്മോയും നൽകി. എന്നിട്ടും പണി തുടർന്നപ്പോൾ സ്റ്റോപ് മെമ്മോ വ്യവസ്ഥകൾ കർശനമായി പാലിക്കണം എന്ന് പഞ്ചായത്തിനോട് ഹൈകോടതി ആവശ്യപ്പെട്ടതുമാണ്.
ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും നാട്ടുകാരുടെ പ്രതിനിധികളെയും ഫാക്ടറി ഉടമയെയും വിളിച്ച് പ്രശ്നപരിഹാരം നടത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചർച്ചകളും വിജയിച്ചില്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് നമ്പർ ഇട്ട് നൽകിയത്. ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നതടക്കം വൻ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കാളാച്ചാൽ ജലചൂഷണ ജാഗ്രതാ സമിതി കൺവീനർ ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ അറിയിച്ചു. ഗ്രാമപഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് ലൈസൻസ് എടുത്തതെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാർ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിലെത്തി. കെട്ടിട നമ്പർ നൽകിയത് പഞ്ചായത്ത് അധികൃതർ പുനഃപരിശോധന നടത്തുമെന്നും തെറ്റിദ്ധരിപ്പിച്ചത് വ്യക്തമായാൽ ലൈസൻസ് റദ്ദാക്കുമെന്നും പ്രസിഡന്റ് കെ.വി. ഷഹീർ ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.