മലപ്പുറം: സിവിൽ സർവിസ് പരീക്ഷയിൽ മലപ്പുറം ജില്ലക്ക് അഭിമാനമായി പി. സബീൽ. രണ്ടാം പരിശ്രമത്തിൽ 470ാം റാങ്ക് നേടിയാണ് സിവിൽ സർവിസ് എന്ന കടമ്പ കടന്നത്. രണ്ടത്താണി പൂവൻചിന എം.ഇ.എസ് സ്കൂളിന് സമീപം പി. അബ്ദുൽ സമദിെൻറയും സക്കീനയുടെയും മകനാണ് ഇൗ 27കാരൻ. 2019ലാണ് ആദ്യമായി സിവിൽ സർവിസ് പരീക്ഷ എഴുതുന്നത്. അതിൽ പ്രിലിമിനറി പാസായില്ല. വീണ്ടും പരിശ്രമം തുടർന്നു. ഇപ്പോൾ വിജയനേട്ടം കരസ്ഥമാക്കി.
പ്ലസ് ടു പഠനം വരെ കപ്പലിൽ ജോലി ചെയ്തിരുന്ന പിതാവിനൊപ്പം ആന്തമാൻ നികോബാറിലായിരുന്നു സബീൽ. പിന്നീട് നാട്ടിൽ തിരിച്ചെത്തി. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 2016ൽ ബിരുദം നേടി. ബംഗളൂരുവിലെ ടെക് മഹീന്ദ്രയിൽ േജാലിയിൽ പ്രവേശിച്ചു. 2018ൽ രാജിവെച്ച ശേഷം പൂർണമായും സിവിൽ സർവിസ് പരിശീലനത്തിലേക്ക് തിരിഞ്ഞു. തിരുവനന്തപുരം ഫോർച്യൂൺ അക്കാദമിയിലാണ് പരിശീലനം നടത്തിയത്.
പഠനശേഷം സിവിൽ സർവിസ് പരിശീലനത്തിന് പോകാൻ ആഗ്രഹിച്ചെങ്കിലും ജോലി ലഭിച്ചതോടെ ആഗ്രഹം താൽക്കാലികമായി മാറ്റിവെച്ചു. രണ്ട് വർഷം ജോലി ചെയ്ത ശേഷമാണ് സിവിൽ സർവിസിലേക്ക് തിരിഞ്ഞത്. സ്കൂൾ പഠനകാലത്ത് സാമൂഹിക ശാസ്ത്ര വിഷയങ്ങളോടും പൊതുവിജ്ഞാനത്തോടുമുള്ള താൽപര്യവും പത്രവായനയും പരിശീലനത്തെ സഹായിച്ചെന്ന് അദ്ദേഹം പറയുന്നു. ഐ.എ.എസ് നേടുക എന്ന ലക്ഷ്യമാണ് ഉള്ളതെന്നും സബീൽ പറയുന്നു. ഖത്തറിൽ എൻജിനീയറായ സലീഖ് സഹോദരനാണ്. സാബിറ, സാജിന എന്നിവർ സഹോദരിമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.