ഊർങ്ങാട്ടിരി: ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനിയിലേക്കുള്ള പുതിയ റോഡിന്റെ നിർമാണം പൂർത്തിയാക്കിയത് വൈദ്യുതി തൂൺ നീക്കം ചെയ്യാതെ. പനമ്പിലാവ് പാമ്പുംകാവ് മുതൽ പന്നിയാൻമല എസ്.ടി കോളനി വരെയുള്ള റോഡിന്റെ നിർമാണത്തിലാണ് കരാറുകാരന് ഗുരുതര പിഴവ് സംഭവിച്ചത്. മഹാത്മാഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് കോളനിയിലേക്കുള്ള 750 മീറ്റർ റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്.
പാമ്പുംകാവിൽനിന്ന് ആരംഭിക്കുന്ന റോഡിൽ 150 മീറ്റർ പിന്നിടുമ്പോഴാണ് കോളനിയിലേക്കുള്ള വൈദ്യുതി തൂൺ ഉണ്ടായിരുന്നത്. റോഡ് നിർമാണം നടത്തുമ്പോൾ ഈ തൂൺ നീക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കരാറുകാരൻ ഇത് നീക്കം ചെയ്യാതെയാണ് നിർമാണം പൂർത്തിയാക്കിയത്. പഞ്ചായത്തിലെ പനമ്പിലാവ്, എട്ടക്കാട്ടുപറമ്പ് വാർഡിലൂടെയാണ് ഈ കോൺക്രീറ്റ് പാത കടന്നുപോകുന്നത്. ഇതിൽ പനമ്പിലാവ് വാർഡിലാണ് സംഭവം. നിരവധി ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന പന്നിയാൻമല കോളനിയിലാണ് ഈ പാത എത്തുന്നത്.
സംഭവത്തിൽ ബാലകൃഷ്ണൻ തോട്ടുമുക്കം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതി നൽകിയിട്ടുണ്ട്. ഈ പരാതി അദ്ദേഹം തദ്ദേശ സ്വയംഭരണ മന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ബാലകൃഷ്ണൻ തോട്ടുമുക്കം ‘മാധ്യമ’ത്തോട് പറഞ്ഞു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി ടൂൺ മാറ്റാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷിജോ ആന്റണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.