മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചെയർമാൻ മുജീബ് കാടേരി വിലയിരുത്തി. വാർഡ് തലങ്ങളിൽ ആർ.ആർ.ടി രൂപവത്കരിച്ച് പ്രവർത്തനം, രോഗികളുടെ വീട്ടിൽ ചെന്ന് ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ വിങ് വൈദ്യസഹായം നൽകുന്ന ഡോക്ടർ അറ്റ് ഡോർ, അനാരോഗ്യമുള്ള രോഗികൾക്ക് തുടക്കം കുറിച്ച 24 മണിക്കൂർ പ്രവർത്തിക്കുന്ന മെഡിക്കൽ ടീം, ആംബുലൻസ്, ഡോക്ടർ, നഴ്സുമാർ ഓക്സിജൻ അടക്കം വീടുകളിൽ സഹായത്തിനായി എത്തുന്ന പദ്ധതികളാണ് തുടങ്ങിയത്. 1.10 കോടി രൂപ ചെലവിൽ താലൂക്ക് ആശുപത്രിയിൽ 80 കിടക്കകളുള്ള ഓക്സിജൻ സൗകര്യത്തോടെയുള്ള പ്രത്യേക കോവിഡ് ഹോസ്പിറ്റലിലേക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ള സ്റ്റാഫിനെ നിയമിക്കും.
ടൗൺഹാളിൽ ജില്ല സഹകരണ ആശുപത്രിയുമായി ചേർന്ന് 80 കിടക്കകളുള്ള സെക്കൻഡറി ട്രീറ്റ്മെൻറ് സെൻറർ അടുത്ത തിങ്കളാഴ്ച തുറക്കും. ഓൺലൈനിൽ ഐ.എം.എയുടെ സഹകരണത്തോടെ 24 മണിക്കൂർ ടെലി മെഡിസിൻ സംവിധാനമുള്ള കാൾ സെൻററിന് തുടക്കംകുറിച്ചു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിന്ന് 1.15 കോടി രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാൻ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ അടിയന്തര കൗൺസിൽ തീരുമാനിച്ചു.
ഓക്സിമീറ്റർ ചലഞ്ച് വഴി ലഭിച്ച മീറ്ററുകൾ വാർഡുകളിലെ ആരോഗ്യപ്രവർത്തകർക്ക് നൽകി. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ കൊന്നോല ഫൗസിയ കുഞ്ഞിപ്പു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹകീം, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ് കോണോതൊടി, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, സി.എച്ച്. നൗഷാദ്, നഗരസഭ സെക്രട്ടറി എം. ജോബിൻ, എൻ. മിനിമോൾ, എ.കെ. പ്രൊജ്വല, എം.ജി. അംബിക, പി. ശബീബ്, ബേബി ഹുസ്ന, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു, മലപ്പുറം സി.ഐ പ്രേംസദൻ, കെ. നിഷാന്ത് എന്നിവർ പങ്കെടുത്തു.
'പത്രവിതരണ സമയം രാവിലെ ആറ് വരെയാക്കി ചുരുക്കിയത് പുനഃപരിശോധിക്കണം'
മലപ്പുറം: ലോക്ഡൗൺ നിയന്ത്രണത്തിെൻറ ഭാഗമായി പത്രവിതരണ സമയം രാവിലെ ആറ് വരെയാക്കി ചുരുക്കിയത് പുനഃപരിശോധിക്കണമെന്നും ഏട്ട് മണിയാക്കി പുനഃസ്ഥാപിക്കണമെന്നും കേരള ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറി ജലീൽ രാമപുരം അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് മുസമ്മിൽ പടിഞ്ഞാറ്റുംമുറി, ട്രഷറർ സുൽഫിക്കർ മക്കരപറമ്പ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.