മലപ്പുറം: ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിന്റെ ഭാഗമായി പൊതുയിടങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുകയും മലിനജലം ഒഴുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി മലപ്പുറം നഗരസഭ.
മലപ്പുറം കിഴക്കേതലയിലെ ആശുപത്രി സ്ഥാപനത്തിൽനിന്നുള്ള മലിനജലം ഓടയിലേക്കും തുടർന്ന് ജലാശയത്തിലേക്കും ഒഴുക്കുന്നത് പരിശോധനയിൽ കണ്ടെത്തി നടപടി സ്വീകരിച്ചു.
മാലിന്യ സംസ്കരണത്തിന് സ്ഥാപനത്തിൽ അടിയന്തരമായി സംവിധാനമൊരുക്കാൻ നഗരസഭ നിർദേശം നൽകി. സ്ഥാപനത്തിലെ മലിനജലം മുൻവശത്തുള്ള ടാങ്കിൽ ശേഖരിക്കുകയും തുടർന്ന് ഓടവഴി പുറത്തേക്ക് ഒഴുകുകയും തോട്ടിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്.
ഈ പ്രശ്നമാണ് നഗരസഭ കണ്ടെത്തിയത്. മതിയായ സംവിധാനം ഒരുക്കാത്തപക്ഷം പ്രോസിക്യൂഷൻ പിഴ ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച നടന്ന പരിശോധനയിലും തുടർനടപടികളിലും ക്ലീൻസിറ്റി മാനേജർ മധുസൂദനൻ, സേഫ് സീനിയർ പബ്ലിക് ഇൻസ്പെക്ടർ മോഹൻദാസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുകൂൽ, ഷിജി, ശുചീകരണ ജീവനക്കാർ എന്നിവർ സംബന്ധിച്ചു. പരിശോധന തുടരുമെന്ന് ക്ലീൻ സിറ്റി മാനേജർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.