വള്ളിക്കുന്ന്: അശാസ്ത്രീയ ഗതാഗതനിയന്ത്രണവും നിർമാണപ്രവൃത്തിയും ദേശീയപാതയിലെ കാക്കഞ്ചേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ആംബുലൻസുകൾക്കുപോലും പോകാൻ കഴിയാത്ത രീതിയിലുള്ള ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
യഥാസമയം ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ വൈകിയതാണ് കഴിഞ്ഞദിവസം എടരിക്കോട് സ്വദേശിനി മരിക്കാൻ കാരണമായതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാക്കഞ്ചേരിയിൽ അരമണിക്കൂറിലേറെ കുരുക്കിലകപ്പെട്ടെന്നും തുടർന്ന് ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ഇദ്ദേഹം ഒരു ചാനലിനോട് പറഞ്ഞു.
കാക്കഞ്ചേരിയുൾപ്പെടെ രൂക്ഷമായ കുരുക്കുള്ള ഭാഗത്ത് പൊലീസ് സേവനമില്ലെന്ന് നേരത്തേതന്നെ പരാതി ഉയർന്നിരുന്നു. കാലവർഷത്തിൽ കാക്കഞ്ചേരി സ്പിന്നിങ് മിൽ പ്രദേശത്തെ സ്വകാര്യ കമ്പനിയുടെ സ്ഥലത്തെ മണ്ണുൾപ്പെടെ ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണതിനെ തുടർന്ന് ഇതുവഴി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
മഴ മാറി മണ്ണ് നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചതും പ്രവൃത്തി ആരംഭിച്ചതും. പുതുതായി നിർമിച്ച പാതയിലൂടെയും സർവിസ് റോഡിലൂടെയും വരുന്ന വാഹനങ്ങളും എത്തുന്നത് വീതികുറഞ്ഞ സർവിസ് റോഡിലാണ്. ഇതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണം. കോഴിക്കോട് ഭാഗത്തേക്ക് പോവുന്നതും രാമനാട്ടുകരയിൽനിന്ന് കോട്ടക്കൽ, തൃശൂർ എന്നിവിടങ്ങളിലേക്കു പോകുന്നതുമായ കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ കൊളക്കുത്ത് റോഡിലൂടെ വിട്ടാൽ ഒരു പരിധിവരെ കുരുക്ക് ഒഴിവാക്കാൻ കഴിയും. കൂടുതൽ പൊലീസിനെ പ്രദേശത്ത് നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.