വേങ്ങര: കോവിഡ് രോഗികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുമെന്ന് നിയുക്ത എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടി. ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട് താമസസൗകര്യമില്ലാത്ത രോഗികൾക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ഭക്ഷണത്തിനും മറ്റും പ്രയാസപ്പെടുന്നവർക്ക് അതിനുള്ള സൗകര്യങ്ങൾ സൗജന്യമായി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഊരകം ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് പോസിറ്റിവായി വീടുകളിൽ കഴിയാൻ സൗകര്യം ഇല്ലാത്തവർക്കായി ഊരകം ജി.എം.എൽ.പി സ്കൂളിൽ ഒരുക്കിയിട്ടുള്ള ഡി.സി.സി സന്ദർശിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം.
ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ മുഖ്യമന്ത്രിക്ക് കലക്ടർ മുഖേന കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഊരകം പഞ്ചായത്ത് പടിയിലുള്ള ഗവ. എൽ.പി സ്കൂളിലാണ് കോവിഡ് സെൻറർ ഒരുക്കിയിട്ടുള്ളത്. അഞ്ച് മുറികളിലായി 20 കിടക്കകൾ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമായ മുറക്ക് 60 രോഗികൾക്ക് താമസിക്കാനുള്ള സൗകര്യം നിലവിലുണ്ട്. പ്രത്യേക ഹെൽപ് ഡെസ്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. രോഗികളെ ആശുപത്രികളിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മൻസൂർ കോയ തങ്ങൾ, വാർഡ് അംഗം പി.കെ. അഷ്റഫ്, ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ്, ജെ.പി.എച്ച് ദേവയാനി, നോഡൽ ഓഫിസർ ഹരികുമാർ എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.