ജില്ലയിൽ ദേശീയപാത 66 ആറു വരിയാക്കി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇതാ ഇവിടെയെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായെങ്കിലും നഷ്ടപരിഹാരം പൂർണമായി വിതരണം ചെയ്തിട്ടില്ല. വയലുകൾ നികത്തിയും മരങ്ങൾ മുറിച്ചുമാറ്റിയും നിർമാണ പ്രവൃത്തികൾ പല ഭാഗങ്ങളിലായി നടക്കുന്നു. നിരവധി കെട്ടിടങ്ങൾ പൊളിച്ചു. പാത വരുന്ന പ്രധാന മേഖലകളിലൂടെ...
തടസ്സങ്ങൾ മാറ്റുന്നു; നഷ്ടപരിഹാരം കിട്ടിയത് 75 ശതമാനത്തോളം പേർക്ക്
പൊന്നാനി: ദേശീയപാത നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ തടസ്സങ്ങൾ നീക്കുന്ന പ്രവർത്തനങ്ങളാണ് പൊന്നാനി താലൂക്കിൽ പുരോഗമിക്കുന്നത്. കാലടി, തവനൂർ വില്ലേജ് പരിധികളിൽ വിട്ടുനൽകിയ സ്ഥലങ്ങളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തടസ്സങ്ങൾ നീക്കുകയാണ്. നിലവിലെ റോഡിന്റെ ഇരുവശങ്ങളിലുമായി ഏറ്റെടുത്ത സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റി ഈ ഭാഗം ഒരേ നിരപ്പാക്കി മാറ്റുന്നു. പൊന്നാനി താലൂക്കിലെ 1893 പേരുടെ സ്ഥലമാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്തത്.
ഈ ഭൂമിയെല്ലാം ലാൻഡ് അക്വിസിഷൻ വിഭാഗം ഏറ്റെടുത്ത് ജില്ല കലക്ടർക്ക് രേഖകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ 75 ശതമാനത്തോളം പേർക്ക് നഷ്ടപരിഹാര തുക അനുവദിക്കുകയും ചെയ്തു. പണം ലഭിച്ചവരുടെ ഭൂമിയിലുള്ള കെട്ടിടങ്ങൾ സ്ഥലമുടമതന്നെ പൊളിച്ചുനീക്കുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. കാലടി, തവനൂർ, ഈഴുവത്തിരുത്തി വില്ലേജ് പരിധികളിൽ ഭൂരിഭാഗവും കൃഷിസ്ഥലമായതിനാൽ തടസ്സങ്ങൾ നീക്കുന്ന പ്രവൃത്തികൾ വേഗത്തിൽ നടക്കുന്നുണ്ട്. പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് വില്ലേജുകളിലാണ് വീടുൾപ്പെടെ കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടി വരുക. ഭൂമി തരം മാറ്റുന്നതിലെ പ്രശ്നങ്ങളും ആധാരം, പട്ടയം എന്നിവയുടെ കൃത്യതയില്ലായ്മയിലും അവകാശ തർക്കങ്ങളിലുള്ള ഭൂമികൾക്കുമാണ് നഷ്ടപരിഹാരം വൈകുന്നത്. പരിഹരിക്കാവുന്ന കാര്യങ്ങൾ ലാൻഡ് അക്വിസിഷൻ നേരിട്ടു തന്നെ തീർപ്പാക്കുന്നുമുണ്ട്. പണം പൂർണമായും ലഭിച്ചവരുടെ ആധാരവും തിരിച്ച് നൽകിവരുകയാണ്.
ചങ്കുവെട്ടിയും എടരിക്കോടും വിസ്മൃതിയിലേക്ക്
കോട്ടക്കൽ: ചങ്കുവെട്ടി ജങ്ഷനും എടരിക്കോടും സ്ഥിരം അപകടമേഖലയായ എടരിക്കോട് പാലച്ചിറമാട് വളവും വിസ്മൃതിയിലാവുകയാണ്. ചങ്കുവെട്ടി ജങ്ഷനിൽനിന്ന് രണ്ടു കിലോമീറ്റർ മാറിയാണ് പാത കടന്നുപോകുന്നത്. പുത്തനത്താണി നഗരത്തിലൂടെ വന്ന് ചെനക്കൽ സ്വാഗതമാട്ടിൽനിന്ന് തിരിഞ്ഞ് എടരിക്കോട് പാടശേഖരത്തിലൂടെയാണ് പോകുന്നത്. എടരിക്കോട്- തിരൂർ റോഡിന് മധ്യേ കടന്നുപോകുന്ന പാത പാലച്ചിറമാട് പ്രധാനവളവിനോട് ചേർന്ന് മേലെ കോഴിച്ചെനയിലാണ് എത്തുക. മേൽപാലം സംവിധാനമായിരിക്കും ഇവിടെയുണ്ടാകുക. ഈ ഭാഗത്തെ വീടുകളും കച്ചവട സ്ഥാപനങ്ങളും പൊളിച്ചു നീക്കിക്കഴിഞ്ഞു. ചെനക്കൽ മുതൽ പാലച്ചിറമാട് വരെയുള്ള സ്ഥലമെടുപ്പ് നേരത്തേ പൂർത്തിയായിരുന്നു. ഇവിടെ നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിലാണ് നീങ്ങുന്നത്. രണ്ടത്താണി പൂവൻചിനയിലും വെന്നിയൂരിലുമാണ് നിർമാണ സാധന സാമഗ്രികൾ സൂക്ഷിക്കുന്നത്.
ചേളാരി മുതൽ കോഴിച്ചെന വരെ
തിരൂരങ്ങാടി: ചേളാരി മുതൽ കോഴിച്ചെന വരെയുള്ള ഭാഗത്ത് കെട്ടിടം പൊളിക്കുന്നത് അവസാനഘട്ടത്തിലാണിപ്പോൾ. കെട്ടിടം പൊളിച്ചിടത്തെ ഭൂമികളിലെ മരങ്ങളും മുറിച്ചുമാറ്റുന്നുണ്ട്. ചേളാരി മുതൽ കോഴിച്ചെന വരെയുള്ള 90 ശതമാനം ഭൂവുടമകൾക്കും പണം ലഭിച്ചുകഴിഞ്ഞു. വ്യാപാരികൾക്കുള്ള 75,000 രൂപ നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിട്ടില്ല. വെന്നിയൂർ മുതൽ പൂക്കിപ്പറമ്പ് വരെയുള്ള ഭാഗത്ത് നിരവധി പേർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. ഈ ഒരു കിലോമീറ്റർ ഭാഗത്ത് കേസ് നടക്കുന്നതിനാൽ ഭൂവുടമകൾക്ക് ഇതുവരെ പണം നൽകിയിട്ടില്ല.
വയലുകൾക്കും തോടുകൾക്കും മുകളിലൂടെ രണ്ട് കിലോമീറ്റർ പാലം
വളാഞ്ചേരി: ജില്ലയിൽ ദേശീയപാത ആറുവരിപ്പാത ആക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി ബൈപാസിന്റെ നിർമാണ പ്രവൃത്തികൾ പുരോഗതിയിൽ. മലബാറിലെത്തന്നെ ഏറ്റവും വലിയ വയഡക്ടാണ് ഇവിടെ നിർമിക്കുന്നത്. മേൽപാലമടങ്ങിയ ബൈപാസാണ് ഒരുങ്ങുന്നത്. ദേശീയപാതയിലെ സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ പ്രധാന വളവിനെയും ഗതാഗതക്കുരുക്കിന് കുപ്രസിദ്ധിയാർജിച്ച വളാഞ്ചേരി നഗരത്തെയും ഒഴിവാക്കി 4.2 കിലോമീറ്ററിലധികം വരുന്ന ബൈപാസിൽ രണ്ട് കിലോമീറ്ററോളം നീളത്തിലുള്ള വയഡക്ടാണ് (കരയിൽ നിർമിക്കുന്ന പാലം) ഉള്ളത്. വട്ടപ്പാറ പള്ളിക്കുസമീപത്തുനിന്ന് വലിയ വയഡക്ടാണ് താഴേക്ക് നിർമിക്കുക. വയലുകൾക്കും തോടുകൾക്കും മുകളിലൂടെ നിലവിലെ ദേശീയപാതയിൽ ഒണിയൽ പാലത്തിനു സമീപം അവസാനിക്കും. ബൈപാസ് നിർമാണത്തിന്റെ ഭാഗമായി വട്ടപ്പാറ മുതൽ റോഡ് നിരപ്പാക്കുന്ന പ്രവർത്തനം ദ്രുതഗതിയിൽ ആരംഭിച്ചു.
ഫ്ലൈ ഓവറുകൾക്കും ഒരുക്കം; പൊളിക്കലും നീക്കലും തകൃതി
കുറ്റിപ്പുറം: ഏറ്റവും ആദ്യം നൂറു ശതമാനം സ്ഥലമേറ്റെടുപ്പ് പൂർത്തിയായ വില്ലേജുകളിൽ ഒന്നാണ് കുറ്റിപ്പുറം. ദേശീയപാത അതോറിറ്റി കരാർ നൽകിയ കെ.എൻ.ആർ കൺസ്ട്രക്ഷന്റെ നേതൃത്വത്തിൽ കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. ചില കെട്ടിടങ്ങൾ ഉടമകൾ തന്നെ പൊളിച്ചുമാറ്റിയിരുന്നു. ഒഴിഞ്ഞുപോകാത്ത കടകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ദേശീയപാത വികസന ഭാഗമായി രണ്ടിടങ്ങളിൽ ഫ്ലൈ ഓവറുകൾ വരുന്നുണ്ട്. കുറ്റിപ്പുറം ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിന് സമാന്തരമായും റെയിൽവേ ട്രാക്കിന് മുകളിലൂടെയും പാലങ്ങൾ നിർമിക്കും. ഇതിന്റെ ഭാഗമായി മണ്ണ് പരിശോധന പൂർത്തിയായി. തവനൂർ വില്ലേജിൽ 80 ശതമാനം ഭൂമി ഏറ്റെടുത്തു. മിനി പമ്പക്ക് സമീപത്തെ കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു.
കുറ്റിപ്പുറം -പൊന്നാനി പാതയിലെ പാടങ്ങളും പറമ്പുകളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നികത്തുന്ന പ്രവൃത്തികൾ നടക്കുന്നു. അയങ്കലം സെന്ററിലെ കെട്ടിടങ്ങൾ ഒഴിഞ്ഞുകൊടുത്തു. അടുത്ത ദിവസങ്ങളിൽ പൊളിച്ചുമാറ്റും.
ഇടിമൂഴിക്കൽ മുതൽ ചേളാരി വരെ;
തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിനുവേണ്ടി കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. ഇനി കുറച്ചു ഭാഗങ്ങളിൽ മാത്രമാണ് പൊളിച്ചുനീക്കാനുള്ളത്. വർഷങ്ങളായി താമസിക്കുന്ന വീടുകളും കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങളും ഇത്തരത്തിൽ പൊളിച്ചുനീക്കിയിട്ടുണ്ട്. ജില്ല അതിർത്തിയായ ഇടിമൂഴിക്കൽ മുതൽ ചേളാരി വരെയുള്ള ഭാഗങ്ങളിലെ പ്രധാനപ്പെട്ട പല അങ്ങാടികളും ഇല്ലാതാവുന്ന രീതിയിലാണ് നിർമാണത്തിന് ഭൂമി ഏറ്റെടുത്തത്. വിവിധ ഭാഗങ്ങളിൽ മീറ്ററുകളോളം നീളത്തിൽ പുതിയ സ്ഥലങ്ങളിലൂടെയാണ് പാത കടന്നുപോവുന്നത്. കൊടും വളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ഭൂമി ഏറ്റെടുത്തത്.
ഇവിടങ്ങളിലെ മരങ്ങൾ ഉൾപ്പെടെ മുറിച്ചുമാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ മുറിച്ചു മാറ്റിയ മരങ്ങൾ ദേശീയപാതയോരത്ത് തന്നെ കൂട്ടി ഇട്ടതും ഭീഷണിയാണ്. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ സമീപത്തെ കൊടും വളവ്, ഇടിമുഴിക്കൽ സ്പിന്നിങ് മിൽ കഴിഞ്ഞുള്ള വളവ് തുടങ്ങി വിവിധ ഭാഗങ്ങളിൽ പുതിയ റോഡ് വെട്ടി ഉണ്ടാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. പ്രധാന സ്ഥലങ്ങളിലെ മരങ്ങൾ പൂർണമായും മുറിച്ചുമാറ്റി. പലയിടങ്ങളും തിരിച്ചറിയാൻ പറ്റാത്ത വിധം മാറി. കോഹിനൂർ ഗ്രൗണ്ടിലും ദേശീയപാത അതോറിറ്റിയുടെ പാണമ്പ്രയിലെ സ്ഥലത്തുമാണ് നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്നത്. ഈ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. കൂറ്റൻ യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് പാണമ്പ്രയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.