എടക്കര: ഭര്‍ത്താവിന്റെ പീഡനങ്ങളെത്തുടര്‍ന്ന് നാടുവിട്ട ആദിവാസി യുവതിയെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി വിട്ടയച്ചു. കുട്ടികളെ രണ്ടത്താണി ശാന്തിഭവനിലേക്ക് മാറ്റി. പോത്തുകല്‍ കുനിപ്പാല കോളനിയിലെ മിനിയെയാണ് കോടതി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ വിട്ടത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സുരക്ഷയും വിദ്യാഭ്യാസവും കണക്കിലെടുത്താണ് രണ്ടത്താണി ശാന്തിഭവനിലേക്ക് മാറ്റിയത്. 2021 ഏപ്രിലില്‍ രണ്ട് മക്കളുമായി നാടുവിട്ട മിനിയെയും രണ്ട് മക്കളെയും കഴിഞ്ഞ ശനിയാഴ്ചയാണ് കോയമ്പത്തൂര്‍ ഉക്കടത്തുനിന്ന് പോത്തുകല്‍ പൊലീസ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് സോമന് പോത്തുകല്‍ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കായി അന്വേഷണം നടത്തിയത്. ഉക്കടത്തുനിന്ന് കണ്ടെത്തിയ മിനിയെയും മക്കളെയും ഞായറാഴ്ച പൊലീസ് തിരൂര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മക്കളെ തന്നോടൊപ്പം വിടണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
തിരികെ കോയമ്പത്തൂരിലേക്ക് പോകാനുള്ള തീരുമാനത്തിലാണിവര്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ രണ്ടത്താണി ജുവനൈല്‍ ഹോമിലേക്ക് അയച്ച കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി നിലമ്പൂര്‍ ഇന്ദിരഗാന്ധി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് മാറ്റുന്നതിന് പോത്തുകല്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കുട്ടികളുടെ കര്യത്തില്‍ തീരുമാനമാകത്തിതിനാല് മിനി ഉപ്പട മലച്ചിയിലെ ബന്ധുവീട്ടില്‍ തങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.