എടക്കര: മലയോരത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടം വിലസുന്നു. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ മുണ്ടേരി വാണിയംപുഴ പ്ലാേൻറഷന്‍ കോര്‍പറേഷനിലെ ടാപ്പിങ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തണ്ടന്‍കല്ല് കോളനിക്കാരനും പി.സി.കെയിലെ ടാപ്പിങ് തൊഴിലാളികളുമായ ബാബു (35), പാട്ടക്കരിമ്പ കോളനിയിലെ അശോകന് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈക്കും വാരിയെല്ലിനും പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അശോകനെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ആറിനാണ് സംഭവം. ടാപ്പിങ്ങിനായി ഇരുവരും ഒരുമിച്ചാണ് തോട്ടത്തിെലത്തിയത്. ഈ സമയം മറഞ്ഞുനിന്ന കൊമ്പന് ബാബുവിനെ തുമ്പിക്കൈകൊണ്ട് അടിച്ചുതെറിപ്പിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ബാബു താഴേക്ക് തെറിച്ചുവീണതിനാലാണ് രക്ഷപ്പെട്ടത്. സുഹൃത്തിനെ ആന ആക്രമിക്കുന്നത് കണ്ട് ഭയന്നോടുന്നതിനിടയില്‍ വീണാണ് അശോകന് പരിക്കേറ്റത്.
സംഭവം നടന്ന ഉടനെ പ്ലാേൻഷൻ ജീവനക്കാര്‍ വാണിയംപുഴ വനം ഓഫിസില്‍ വിവരമറിയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ശശികുമാറിെൻറ നേതൃത്വത്തില്‍ വനപാലകര്‍ വാണിയംപുഴയിലെത്തി, ഇരുവരെയും വനംവകുപ്പിെൻറ ജീപ്പില്‍ തമ്പുരാട്ടിക്കല്ലില് എത്തിക്കുകയും തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിക്ക് ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ബാബുവിെൻറ വാരിയെല്ലുകള്‍ക്ക് പൊട്ടലുള്ളതായാണ് വിവരം.
കസേരക്കൊമ്പന്‍ എന്നറിയപ്പെടുന്ന ആക്രമണകാരിയാണ് ബാബുവിനെ ആക്രമിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. കൊമ്പന് കുറച്ചകലെയായി മറ്റൊരു കൂട്ടവും ഉള്ളതായി ഇവര്‍ പറഞ്ഞു. പന്തല്ലൂരില്‍ 10 പേരെ കൊലപ്പെടുത്തിയ ശങ്കര്‍ എന്ന കൊലയാളി ആനയുടെ സാന്നിധ്യം കഴിഞ്ഞ ഒരുമാസമായി മുണ്ടേരി വനത്തിലുണ്ട്. ഇക്കാരണത്താല്‍ ജാഗ്രതപാലിക്കണമെന്നും നേരം പുലര്ന്നുമാത്രം തോട്ടത്തില്‍ ടാപ്പിങ് നടത്തണമെന്നും വനം ഉദ്യോഗസ്ഥര്‍ ആദിവാസികള്‍ക്കും പി.സി.കെയിലെ തൊഴിലാളികള്‍ക്കും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.