എടക്കര: വഴിക്കടവ് മാമാങ്കരയിലും ആനമറിയിലും വീണ്ടും പുലി സാന്നിധ്യം. വെള്ളിയാഴ്ച പുലർച്ചെ മാമാങ്കരയിൽ ആടിനെ ആക്രമിക്കാനെത്തിയ പുലി ആളനക്കം അറിഞ്ഞ് ഓടി മറഞ്ഞെന്നാണ് നാട്ടുകാർ പറയുന്നത്. പുലിയുടെ കാൽപ്പാടുകൾ അധികൃതർ തിരിച്ചറിഞ്ഞു. ആനമറിയിലെ ആര്.ടി.ഒ ചെക്കുപോസ്റ്റിന് സമീപത്തെ ഹോട്ടലിന്റെ പിന്‍ഭാഗത്ത് വ്യാഴാഴ്ച രാത്രിയും പുലിയെ കണ്ടതായി പറയുന്നു. കഴിഞ്ഞ ദിവസം പകല്‍ നാലിന് ഈ ഭാഗത്തുനിന്നും പുലി സമീപത്തെ ശ്മശാനത്തിന്റെ ഭാഗത്തേക്ക് ഓടിപ്പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.
മാമാങ്കര ടൗണില്‍ കഴിഞ്ഞ ദിവസം സി.സി.ടിവിയില്‍ പുലിയുടേതിന് സമാനമായ ദൃശ്യം പതിഞ്ഞിരുന്നു. പുറമെ കാട്ടുപന്നിക്ക് പിറകെയോടുന്ന പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളിയും പറഞ്ഞിരുന്നു. ഈ ഭാഗത്ത് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ കോരക്കുന്നത്ത് മുഹമ്മദലിയുടെ വീട്ടുമുറ്റത്തെ കൂട്ടിൽനിന്ന് ആട്ടിന്‍കുട്ടിയുടെ കരച്ചില് കേട്ട് നോക്കിയ വീട്ടുകാർ പുലിയെന്ന് സംശയിക്കുന്ന ജീവി ഓടിപ്പോകുന്നത് കാണുകയായിരുന്നു. ഇതിന് സമീപത്തു നിന്നാണ് കാൽപ്പാടുകൾ കണ്ടെത്തിയത്.
മാമാങ്കരയിലും താഴെ മാമാങ്കരയിലും കണ്ടെത്തിയ കാല്പാടുകൾ വെള്ളിയാഴ്ച രാവിലെ നെല്ലിക്കുത്ത് വനം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം. വിജയന്റെ നേതൃത്വത്തില്‍ വനപാലക സംഘവും ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ലാസറിന്റെ നേതൃത്വത്തിൽ ആര്.ആര്.ടി സംഘവും ചേര്‍ന്ന് പരിശോധിച്ചു. താഴെ മാമാങ്കരയില്‍ കണ്ടെത്തിയത് കാട്ടുപൂച്ചയുടെയും മാമാങ്കരയില്‍ കണ്ടെത്തിയത് വള്ളിപ്പുലിയുടേതുമാണെന്നാണ് വനം ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം നിലനില്‍ക്കുകയാണ്. സംശയനിവാരണം ഉണ്ടാകാത്തതിനാല്‍ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. സന്ധ്യയായാല്‍ വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒയുമായി സംസാരിച്ച ശേഷം പ്രശ്നസാധ്യതയുള്ള ഇടങ്ങളില്‍ കാമറ ട്രാപ്പ് സ്ഥാപിക്കുമെന്ന് വഴിക്കടവ് റേഞ്ച് ഓഫിസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. അടിയന്തിരമായി കാമറ ട്രാപ്പ് സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പ്രദേശങ്ങളില്‍ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ആർ. രാജേഷ്, ബി.എഫ്.ഒമാരായ അമൃത രഘുനാഥ്, ജെ. ജസ്റ്റിന, കെ.പി. സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ വനം ജീവനക്കാര്‍ രാത്രികാല പട്രോളിങ് നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.