എടപ്പാൾ: എടപ്പാൾ മേൽപാലം ജനുവരി എട്ടിന് രാവിലെ 10.30ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പാലത്തിന്റെ നാട മുറിക്കൽ പരിപാടിക്കുശേഷം കുറ്റിപ്പുറം റോഡിൽ ബൈപാസ് റോഡിന് ഏതിർവശത്തെ ഒഴിഞ്ഞ സ്ഥലത്ത് ഔദ്യോഗിക ചടങ്ങ് നടക്കും.
പരിപാടിയുടെ ഭാഗമായി എടപ്പാൾ ബ്ലോക്ക് ഓഫിസിൽ സ്വാഗതസംഘം ചേർന്നു. കെ.ടി. ജലീൽ എം.എൽ.എയുടെ അധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ചേർന്ന യോഗത്തിൽ സ്വാഗതസംഘം രൂപവത്കരിച്ചു. കെ.ടി. ജലീൽ എം.എൽ.എ (ചെയർ.), കായിക മന്ത്രി വി. അബ്ദുറഹ്മാൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി (രക്ഷാ.), പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. രാമകൃഷ്ണൻ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കഴുങ്കിൽ മജീദ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി. സുബൈദ (വൈസ് ചെയർ.) എന്നിവർ അടങ്ങുന്നതാണ് സ്വാഗത സംഘം കമ്മിറ്റി.
ഉദ്ഘാടനത്തോടനുബന്ധിച്ച് കലാവിരുന്നും ടൗൺ അലങ്കാരവും സംഘടിപ്പിക്കാൻ തീരുമാനിച്ചു. മേൽപാലത്തിന്റെ അവസാനഘട്ട മിനുക്ക് പണികൾ അടുത്താഴ്ചയോടെ പൂർത്തിയാക്കും. ട്രാഫിക് ലൈനുകൾ വരക്കൽ, സിഗ്നലുകൾ പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ പണികളാണ് ചെയ്യാനുള്ളത്. വട്ടംകുളം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. തൃശൂർ, പട്ടാമ്പി റോഡുകളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.