എടപ്പാള്‍: മേല്‍പാലം ഒക്ടോബറിൽ തുറന്ന് നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മേൽപാല നിർമാണ പ്രവൃത്തികൾ വിലയിരുത്താൻ ഞായറാഴ്ച വൈകീട്ട് ഏഴോടെയെത്തിയതായിരുന്നു അദ്ദേഹം. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഡോ. കെ.ടി. ജലീൽ എം.എൽ.എയുടെ ഒപ്പമാണെത്തിയത്.
കിഫ്ബിയിൽ നിന്ന് 13 കോടി രൂപ ചെലവഴിച്ചാണ് എടപ്പാള്‍ ജങ്ഷനില്‍ കുറ്റിപ്പുറം - ചൂണ്ടൽ സംസ്ഥാന പാതയിൽ മേല്‍പാലം നിര്‍മിക്കുന്നത്. കോഴിക്കോട് റോഡില്‍ ബ്യൂട്ടി സിൽക്സിന് മുന്നിൽ നിന്നാരംഭിച്ച് തൃശൂര്‍ റോഡിൽ അവസാനിക്കുന്ന 200 മീറ്റര്‍ നീളത്തിലാണ് പാലം. 7.4 മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില് മൂന്നര മീറ്റര്‍ സര്‍വിസ് റോഡുമായാണ് നിര്‍മിക്കുന്നത്.
90 ശതമാനം പ്രവൃത്തികളും പൂർത്തിയായി. മഴ മാറിയാൽ ടാറിങ് ചെയ്യും. അപ്രോച്ച് റോഡ് നിർമാണം ആരംഭിച്ചു. പെയിൻറിങ് ജോലികൾ പുരോഗമിക്കുകയാണ്. പാലത്തിെൻറ തൂണുകളിൽ എടപ്പാളിെൻറ പൈതൃക ചിത്രങ്ങൾ വരക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുകളിൽ 20 മീറ്റർ വീതം ഇടവിട്ട് വഴിവിളക്കുകൾ സ്ഥാപിക്കും. വശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളുമുണ്ടാകും.
തൃശൂര്‍ -കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാള്‍. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. രാമകൃഷ്ണൻ, ജില്ല പഞ്ചായത്തംഗം മോഹൻദാസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.