എടപ്പാൾ: എടപ്പാൾ ടൗണിൽ പടക്കം പൊട്ടിച്ച കേസിൽ പ്രതികൾ ഒടുവിൽ വലയിൽ. വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശി കരിങ്കലക്കത്ത് ഹൗസ് ജംഷീർ (19), പൊന്നാനി പള്ളിപ്പുറം സ്വദേശി കോയ വളപ്പിൽ വിഷ്ണു (20) എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. മദ്യലഹരിയിൽ ടൗണിലെ റൗണ്ട് എബൗട്ടിൽ പടക്കം പൊട്ടിച്ചതാണ് രണ്ട് ദിവസം നാടിനെ മുൾമുനയിൽ നിർത്തിയത്. ചൊവ്വാഴ്ച രാത്രി 7.15നാണ് മേൽപ്പാലത്തിനടിയിലെ റൗണ്ട് എബൗട്ടിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്. റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗം തകർന്നിരുന്നു. മദ്യപിച്ച യുവാക്കൾ പട്ടാമ്പി റോഡിലെ കടയിൽനിന്ന് പടക്കം വാങ്ങിയ ശേഷം റൗണ്ട് എബൗട്ടിൽ പൊട്ടിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ രണ്ട് ദിവസം പേടിച്ച് വീട്ടിൽനിന്ന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു ഇവർ.
പട്ടാമ്പി റോഡിലെ മൊബൈൽ കടയിലെ സി.സി.ടി.വിയിൽനിന്ന് ലഭിച്ച ദൃശ്യമാണ് വഴിത്തിരിവായത്. പൊതുസ്ഥലത്ത് ഭീതി പരത്തി എന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. തിരൂർ ഡിവൈ.എസ്.പി വി.പി. ബെന്നി, താനൂർ ഡിവൈ.എസ്.പി മൂസ വെള്ളിക്കാടൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജു, പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ, പെരുമ്പടപ്പ് സി.ഐ. വിനോദ്, ചങ്ങരംകുളം എസ്.ഐമാരായ സജീവൻ, രാജേന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.