എടപ്പാൾ: ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് മെസഞ്ചർ വഴി പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. അറിയപ്പെടുന്നവരുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ചശേഷം മെസഞ്ചറിലൂടെ പണം വായ്പ ചോദിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. കഴിഞ്ഞദിവസം എടപ്പാൾ ഡിവിഷൻ ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹൻദാസിെൻറ വ്യാജ അക്കൗണ്ട് നിർമിച്ച് മെസഞ്ചറിലുടെ പണം തട്ടാൻ ശ്രമം നടത്തിയിരുന്നു. മോഹൻദാസിെൻറ ഫ്രണ്ട് ലിസ്റ്റിലുള്ള സുഹൃത്തിനോട് 7,000 രൂപ അയച്ചുതരാൻ ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിൽ സൈബർ സെല്ലിന് പരാതി നൽകി. നിരവധിപേർ സമാന അനുഭവങ്ങൾ നേരിട്ടതായി പരാതി ഉയർന്നിട്ടുണ്ട്. ജനപ്രതിനിധികൾ, പ്രവാസികൾ, പൊലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പേരിലാണ് തട്ടിപ്പിനായി വ്യാജ അക്കൗണ്ടുകൾ നിർമിക്കുന്നത്.
ഇത്തരക്കാരുടെ ഫേസ്ബുക് സുഹൃത്തിന്റെ വിവരങ്ങൾ ശേഖരിച്ചശേഷം ഇവർക്ക് മെസഞ്ചറിലൂടെയാണ് സന്ദേശങ്ങൾ നൽകുന്നത്. മെസഞ്ചറിലുടെ അഭിസംബോധന ചെയ്തശേഷം പ്രതികരണം ലഭിച്ചാൽ ഗൂഗ്ൾ പേ ഉണ്ടോയെന്ന് ചോദിക്കും. ഉണ്ടെന്ന് മറുപടി നൽകിയാൽ വളരെ അത്യാവശ്യമായി 10,000 രൂപവരെയുള്ള തുക വായ്പയായി ആവശ്യപ്പെടും.
അടുത്തദിവസം മടക്കി നൽകാമെന്നും വാഗ്ദാനം ചെയ്യും. അത്രയും തുക കൈവശമില്ലെന്ന് പറഞ്ഞാൽ എത്രയുണ്ടെന്ന് ചോദിക്കുകയും ഉള്ളത് അയക്കാൻ പറയുകയും ചെയ്യും. പരിചയക്കാരും സുഹൃത്തുക്കളും ആയതിനാൽ സ്വാഭാവികമായി ചിലരെങ്കിലും ഇത്തരം ചതിയിൽപെടുകയും പണം അയക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.