എടപ്പാൾ: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ട്രാവൽസ് ഉടമയെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ വട്ടംകുളത്ത് ട്രാവൽ ഏജൻസി നടത്തിയിരുന്ന കണ്ണൂർ കരുവള്ളി സ്വദേശി പാറപ്പറമ്പില് ലാലുവാണ് (44) പിടിയിലായത്.
വിവിധ ജില്ലകളില്‍നിന്നായി ലഭിച്ച 12 പരാതികളില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 2019ൽ ദുബൈ വിമാനത്താവളത്തിൽ കാർഗോയിൽ 20 വിസയുണ്ടെന്നും 70,000 രൂപയാണ് നിരക്കെന്നും പറഞ്ഞ് ആവശ്യക്കാരെ സമീപിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽനിന്നായി 12 പേർ 35,000 രൂപ വീതവും മറ്റൊരാൾ ഒന്നിലേറെ പേരുടെതായി ഒന്നര ലക്ഷം രൂപയും നൽകി.
കോവിഡ് മൂലം കാലതാമസം വരുന്നതായി പറഞ്ഞ് ഒന്നര വർഷത്തോളം വിസ നൽകാതെ കബളിപ്പിച്ചു. ഒടുവിൽ ആഗസ്റ്റ് അഞ്ചിനകം വിസയോ പണമോ നൽകാമെന്ന് പറഞ്ഞ ശേഷം ഇയാൾ അപ്രത്യക്ഷനാകുകയായിരുന്നെന്നാണ് പരാതി. ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർസെൽ സഹായത്തോടെ ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കൽ, എസ്.ഐമാരായ വിജിത്, വിജയൻ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ കണ്ണൂരില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായ കൂടുതല്‍ പേര് പരാതിയുമായി സ്റ്റേഷനില്‍ എത്തി. പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.