എടപ്പാൾ: കഞ്ചാവ് വിൽപന പിടികൂടാൻ എത്തിയ പൊലീസുകാരെ മർദിച്ച് രക്ഷപ്പെട്ട രണ്ടു പേരെ ചങ്ങരംകുളം പൊലീസ് സാഹസികമായി പിടികൂടി. പൊന്നാനി സ്വദേശിയും എടപ്പാൾ അംശക്കച്ചേരിയിൽ താമസക്കാരനുമായ ചിറക്കൽ ഇസ്മയിൽ (28), എടപ്പാൾ പൊറൂക്കരയിൽ താമസിക്കുന്ന കൊമ്പൻ തറയിൽ കബീർ (29) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ. ബെന്നി ജേക്കബിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഏപ്രിൽ 22നാണ് സംഭവം. എടപ്പാൾ അണ്ണക്കമ്പാട്ട് മൂന്നുപേരടങ്ങുന്ന സംഘം കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്നറിഞ്ഞ് എത്തിയതായിരുന്നു ചങ്ങരംകുളം പൊലീസ്. ഇവരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
പൊന്നാനി സ്വദേശി മുഹമ്മദ് കാസിം എന്നയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടിയെങ്കിലും രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഒളിവിൽ കഴിഞ്ഞ പ്രതികൾ സ്വകാര്യ ബസിൽ പൊന്നാനിയിൽനിന്ന് എടപ്പാൾ ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരമറിഞ്ഞ പൊലീസ് ബിയ്യത്ത് വെച്ച് ബസ് തടഞ്ഞ് നിർത്തുകയായിരുന്നു. ഇതറിഞ്ഞ് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.
പൊന്നാനി, ചങ്ങരംകുളം സ്റ്റേഷനുകളിലായി പത്ത് ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സി.ഐ. ബെന്നി ജേക്കബ്, എ.എസ്.ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഹരിനാരായണൻ, ഹരികൃഷ്ണൻ,സുനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.