പോപ്പുലർ ഫ്രണ്ട് എടപ്പാളിൽ നടത്തിയ യൂനിറ്റി മീറ്റിൽ കരമന അഷ്റഫ് മൗലവി സംസാരിക്കുന്നു
എടപ്പാൾ/ വണ്ടൂർ: ജനാധിപത്യം തകർത്ത് ഏകാധിപത്യ ഹിന്ദുത്വ ഭരണം സ്ഥാപിക്കാനാണ് നിലവിലെ കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന് ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ നാഷനൽ കമ്മിറ്റി ട്രഷറർ കരമന അഷ്റഫ് മൗലവി. ലോകത്ത് ഏറ്റവും ഉന്നതമായി നിലനിന്നിരുന്ന ജനാധിപത്യത്തിെൻറ സ്ഥാനം താഴ്ന്നു പോയിക്കൊണ്ടിരിക്കുകയാണ്. മുസ്ലിം വംശഹത്യക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന ദുർഭൂതങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാറിന്റെ പാവകളായി മാറിക്കൊണ്ടിരിക്കുന്നു. ലോക രാജ്യങ്ങൾക്ക് മുന്നിൽ തല ഉയർത്തി നിന്നിരുന്ന അത്യുന്നതമായ ജനാധിപത്യ മൂല്യങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ആർ.എസ്.എസ് നീക്കത്തിനെതിരെ മുഴുവൻ രാഷ്ട്രീയ, മത, സാംസ്കാരിക നേതൃത്വങ്ങളും ഉണർന്നു പ്രവർത്തിക്കണമെന്ന് കരമന അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനത്തോടനുബന്ധിച്ച് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ 'റിപ്പബ്ലിക്കിനെ സംരക്ഷിക്കുക' തലക്കെട്ടിൽ എടപ്പാളിൽ നടന്ന യൂനിറ്റി മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി പി.കെ. ജലീൽ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡന്റ് ടി.പി. സാലിഹ്, സി.കെ. റാഷിദ്, ഫായിസ് കാണിച്ചേരി, എം. ഹബീബ നൂറുൽ ഹഖ്, വി.വി. റഫീഖ് എന്നിവർ സംബന്ധിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി വണ്ടൂരിൽ സംഘടിപ്പിച്ച യൂനിറ്റി മീറ്റ് ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം ഉദ്ഘാടനം ചെയ്യുന്നു
രാജ്യത്തെ വർഗീയ ഫാഷിസത്തിനെതിരെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾ കൈകോർക്കണമെന്ന് പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി വി.പി. നാസറുദ്ദീൻ എളമരം പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കുകയെന്ന തലക്കെട്ടിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വണ്ടൂർ മണലിമ്മൽ ബസ് സ്റ്റാൻഡിന് സമീപം നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് വി. സിറാജ് അധ്യക്ഷത വഹിച്ചു.
എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറക്കൽ, ഓൾ ഇന്ത്യ ഇമാം കൗൺസിൽ സംസ്ഥാന സമിതി അംഗം ടി. അബ്ദുറഹ്മാൻ ബാഖവി, നാഷനൽ വുമൺ ഫ്രണ്ട് ജില്ല പ്രസിഡന്റ് ഷീന ഫർസാന, കാമ്പസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം മിസ്അബ് എന്നിവർ സംസാരിച്ചു. ദേശീയ സെക്രട്ടറി വി.പി. നസ്റുദ്ദീൻ കാഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു.
ജില്ല സെക്രട്ടറി പി. അബ്ദുസ്സമദ് സ്വാഗതവും പ്രോഗ്രാം കൺവീനർ സി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.