എടവണ്ണപ്പാറ: അപകടം തുടർക്കഥയായ എടവണ്ണപ്പാറ ജങ്ഷനിൽ സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കാൻ നടപടിയായില്ല. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ച സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. അരീക്കോട്, കൊണ്ടോട്ടി, എളമരം, വാഴക്കാട് പ്രദേശങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന ഈ ജങ്ഷനിൽ അടുത്ത കാലത്തായി ഗതാഗതക്കുരുക്കും അപകടവും ഏറുകയാണ്.
എളമരം പാലവും കൂളിമാട് കടവ് പാലവും ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള വാഹനങ്ങൾ വർധിച്ചതാണ് എടവണ്ണപ്പാറ ജങ്ഷനിലെ കുരക്കിന് കാരണമായത്.
മലപ്പുറം ജില്ലയിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്കും തിരിച്ചുമുള്ള ട്രക്കുകൾ ജങ്ഷൻ ആണെന്നറിയാതെ അതിവേഗതയിലാണ് ഇതുവഴി പോകുന്നത്. സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കുന്നുണ്ടെങ്കിലും ഇടക്കിടെ തകരാറിലാവുന്നതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. കെൽട്രോൺ അധികൃതർ തിങ്കളാഴ്ച് പരിശോധനക്കെത്തിയപ്പോൾ ലൈറ്റ് സംവിധാനം സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് സുൽത്താൻബത്തേരിയിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാർ ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. കൂടെ യാത്രചെയ്ത വിദ്യാർഥി ഗുരുതര പരിക്കോടെ രക്ഷപ്പെടുകയായിരുന്നു. രാത്രി 11 മുതൽ രാവിലെ ആറു വരെ ഇവിടെ അപകട സാധ്യത കൂടുതലാണ്.
രാത്രി ഒരു മണി കഴിഞ്ഞാൽ കൊണ്ടോട്ടി ഭാഗത്തുനിന്ന് താമരശേരി, വയനാട് ഭാഗത്തേക്ക് പോകുന്നവർക്ക് ഇതൊരു ജങ്ഷനായി തോന്നുന്നേ ഇല്ല. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്ന് തീരുമാനങ്ങൾ എടുത്തു എന്നല്ലാതെ ശാശ്വത പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. എടവണ്ണപ്പാറ ടൗണില്‍ ഗതാഗത സുരക്ഷാ ക്രമീകരണം നടത്തുന്നതിന്റെ ഭാഗമായി നേരത്തെ പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ സംയുക്ത യോഗം ചേർന്നിരുന്നു. അനധികൃതമായി ഇറക്കിക്കെട്ടിയതും കൈയേറിയതുമായ സ്ഥലങ്ങള്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് പൊളിച്ച് നീക്കാനായിരുന്നു തീരുമാനം.
കൈയേറ്റം പൊളിച്ച് നീക്കാനുള്ള നോട്ടീസ് സമയപരിധി അവസാനിച്ചതോടെ ജങ്ഷനില്‍ നിന്നുള്ള നാല് റോഡുകളിലും തെരുവ് കച്ചവടങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് പഞ്ചായത്ത് സൂചന ബോര്‍ഡ് സ്ഥാപിച്ചു. വ്യാപാരികള്‍ പരിധിവിട്ട് ഇറക്കി ചെയ്യുന്ന കച്ചവടങ്ങള്‍ കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറ്റിവെക്കാമെന്നും, അനധികൃതമായി ഇറക്കിക്കെട്ടിയ നിര്‍മിതികള്‍ കെട്ടിട ഉടമകള്‍ സ്വമേധയാ നീക്കം ചെയ്യാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ ഇതൊന്നും നടപ്പായില്ല. അതേസമയം വിഷയത്തിൽ അടിയന്തിരമായി സ്ഥലം എം.എൽഎ മന്ത്രിയുമായി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.