വേങ്ങര: ആഴ്ചകൾക്ക് മുമ്പ് സ്വകാര്യഭൂമിയിൽ തള്ളിയ ലോഡുകണക്കിന് ഇ-മാലിന്യം ഭൂവുടമയുടെ നേതൃത്വത്തിൽ കുഴിയിൽ തള്ളാനുള്ള ശ്രമം പൊലീസ് സഹായത്തോടെ നാട്ടുകാർ തടഞ്ഞു. വേങ്ങര ഗ്രാമപഞ്ചായത്തിൽ പാക്കടപ്പുറായക്കടുത്ത് പരപ്പൻചിനയിലാണ് ഓഡിറ്റോറിയത്തിനു പിറകിലായി ഉപയോഗം കഴിഞ്ഞ ലോഡുകണക്കിന് കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഇ-മാലിന്യം തള്ളിയിരുന്നത്.
ഇവയിലുള്ള മെർക്കുറി ഉൾപ്പെടെയുള്ള രാസമാലിന്യങ്ങൾ, നിർത്താതെ പെയ്യുന്ന മഴവെള്ളത്തിൽ ഒഴുകി ജലാശയങ്ങളിൽ എത്തുമോ എന്ന്, അന്നുതന്നെ നാട്ടുകാർ ആശങ്കപ്പെട്ടിരുന്നു.
കുടിവെള്ളത്തിനുപയോഗിക്കുന്ന കിണറുകളിൽ മെർക്കുറി എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവും. പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇ- മാലിന്യം കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞത്. വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ടി.കെ. കുഞ്ഞിമുഹമ്മദിന്റെ വാർഡിലാണ് മാലിന്യം തള്ളിയത്.
അനധികൃതമായി മാലിന്യം തള്ളിയതിനെതിരെ ആരോഗ്യ വകുപ്പിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമത്തോട് പറഞ്ഞു. അതേസമയം, ഇ -മാലിന്യം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമ സേനയെ ഉപയോഗപ്പെടുത്തി നാമമാത്രമായ കൂലി ചുമത്തി നീക്കാമെന്ന പഞ്ചായത്തിന്റെ അഭ്യർഥന സ്ഥലമുടമ ചെവിക്കൊണ്ടില്ലെന്നും നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാവുന്ന വിധത്തിൽ കുഴിച്ചുമൂടാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.