പരപ്പനങ്ങാടി: പരിസ്ഥിതി ദിനാചരണം സമര ദിനാചരണമാക്കി സിൽവർ ലൈൻ വിരുദ്ധ സമിതി. സിൽവർ ലൈൻ സർവേക്ക് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞ കുഴികളിൽ കെ റയിൽ- സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരമരം നട്ടത്. സിൽവർ ലൈനിനെതിരായ സമരമാണ് കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ രാഷ്ട്രീയം എന്ന് പ്രഖ്യാപിച്ചാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
ഞായറാഴ്ച രാവിലെ 8ന് പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ സമരമരം നടീൽ കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തെ പാരിസ്ഥിതികമായി തകർക്കുന്ന സിൽവർലൈൻ പദ്ധതിക്ക് ജനങ്ങൾ എതിരാണെന്നതിന്റെ പ്രതിഫലനമാണ് തൃക്കാക്കരയിലെ പരാജയമെന്നും ഇനിയും ജനങ്ങളെ ദ്രോഹിക്കാതെ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരപ്പനങ്ങാടിയിൽ നേരത്തെ സമരത്തിന് നേതൃത്വം നൽകി പൊലീസ് നടപടിക്കിരയായവരുടെ കുട്ടികളും പരിപാടിയിൽ പങ്കുചേർന്നു.
സമരസമിതി ജില്ല ചെയർമാൻ അഡ്വ. അബൂബക്കർ ചെങ്ങാട് അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ. ഉസ്മാൻ, സമരസമിതി ജനറൽ കൺവീനർ പി.കെ പ്രഭാഷ്, വനിതാകൂട്ടായ്മ സംസ്ഥാന ജോയിൻ കൺവീനർ ഡോ. എസ്. അലീന, ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. ജഗന്നിവാസൻ, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി പാലാഴി മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു. മുനീർ വെട്ടിയാട്ടിൽ, ഹംസ, തയ്യിൽ ഗസ്സാലി, അബ്ദുല്ല, ബാബുരാജ്, ആരിഫ പരപ്പനങ്ങാടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.