വേങ്ങര: പ്രവാസജീവിതത്തിൽനിന്ന് സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ച് പടുത്തുയർത്തിയ, ഗൃഹപ്രവേശം കഴിയാത്ത സ്വന്തം വീട്ടിലേക്ക് അന്ത്യയാത്രക്കായി ദമ്പതികളുടെ ചേതനയറ്റ ശരീരങ്ങളെത്തി.
ദുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കാളങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച രാവിലെ എട്ടോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി 11ഓടെ കണ്ണമംഗലം ചേറൂർ ചണ്ണയിലേക്ക് കൊണ്ടുവന്നത്.
മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തറവാട്ടുവീട്ടിലെ കുടുംബശ്മശാനത്തിൽ ഉച്ചക്ക് 12ഓടെ മറവുചെയ്തു. അനക്കമറ്റ് കിടക്കുന്ന ദമ്പതികളെ കണ്ട ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിതുമ്പലടക്കാനായില്ല. നൂറുകണക്കിന് ആളുകൾ അന്തിമോപചാരമർപ്പിക്കാനെത്തി. 11 വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന ഇവർ സ്വന്തം വീട്ടിൽ താമസിക്കാനുള്ള സ്വപ്നം ബാക്കിയാക്കിയാണ് ദുബൈയിലെ താമസസ്ഥലത്ത് ഫ്ലാറ്റ് ദുരന്തത്തിൽ ജീവിതത്തോട് വിട പറഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബന്ധുവിന്റെ വിവാഹത്തിനായി ഇവർ അവസാനം നാട്ടിലെത്തിയിരുന്നത്.
വിവാഹാഘോഷം കഴിഞ്ഞ് ജോലി സ്ഥലത്തേക്കു മടങ്ങിപ്പോവുകയും ചെയ്തു. ദുബൈയിൽ പ്രവാസികളും റിജേഷിന്റെ പിതൃസഹോദര പുത്രന്മാരുമായ വിപിൻ, വിബീഷ്, സനോജ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചു നാട്ടിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.