മലപ്പുറം: ഹരിത ഹൈഡ്രജൻ ഉൽപാദനപദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി കാത്ത് കേരളം. 2023 നവംബറിൽ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിനും 2024 മാർച്ചിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിനും സമർപ്പിച്ച അപേക്ഷകളിലാണ് അനുമതി നീളുന്നത്. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന് സമർപ്പിച്ച അപേക്ഷയിൽ 2024 ജൂണിലും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് സമർപ്പിച്ച അപേക്ഷയിൽ സെപ്റ്റംബറിലും പദ്ധതിയുടെ നോഡൽ ഏജൻസിയായ അനെർട്ടിനോട് വിശദാംശങ്ങൾ തേടിയിരുന്നു. എന്നാൽ, അനുമതി നൽകുന്ന വിഷയത്തിൽ തീരുമാനമറിയിച്ചിട്ടില്ല. ഹരിത ഹൈഡ്രജന്‍ കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയ ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കാതെ പൂര്‍ണമായും പുനരുപയോഗ ഊര്‍ജത്തെ അധിഷ്ഠിതമാക്കി ഉൽപാദിപ്പിക്കുന്ന ഹൈഡ്രജനെയാണ് ഹരിത ഹൈഡ്രജനായി വിശേഷിപ്പിക്കുന്നത്. അനുമതി ലഭിച്ചാൽ രണ്ടു വർഷത്തിനകം പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാകും. പൂർണതോതിലേക്ക് വരുമ്പോൾ ഏകദേശം അഞ്ചു വർഷമെടുത്തേക്കും. അനെർട്ട് സമർപ്പിച്ച വിശദ പദ്ധതിരേഖ (ഡി.പി.ആർ) കേന്ദ്രത്തിന്റെ അന്തിമ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് ഹൈഡ്രജൻ ഹബ്ബ് എന്ന ബൃഹദ് പദ്ധതിയാണ് പരിഗണനയിലുള്ളത്. റിഫൈനറി, വളം നിർമാണം, ഇരുമ്പ് എന്നിവിടങ്ങളിലെല്ലാം ഉപയോഗിക്കുന്ന ഗ്രേ ഹൈഡ്രജന്റെ അളവ് ഘട്ടംഘട്ടമായി കുറച്ച് ഹരിത ഹൈഡ്രജനിലേക്കു മാറാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി സംബന്ധിച്ച് ജർമൻ വികസന ഏജൻസിയുമായി സർക്കാർ ചർച്ച നടത്തി റോഡ് മാപ്പ് തയാറാക്കിയിട്ടുണ്ട്. ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ചാകും പദ്ധതി നടപ്പാക്കുക. കാർബൺ പ്രസരണം കുറക്കാൻ പ്രയാസമുള്ള പല മേഖലകളിലും ഹരിത ഹൈഡ്രജൻ സഹായകരമാണ്. ഗതാഗതസംവിധാനങ്ങളിലും ബദൽ മാർഗമായി വിനിയോഗിക്കാം. ഹരിത ഹൈഡ്രജൻ കംപ്രസ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നതിനാൽ വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഉൽപാദനക്ഷമത വർധിപ്പിക്കാനും പരിസ്ഥിതി മലിനീകരണം കുറക്കാനും സാധിക്കും. വ്യവസായങ്ങൾക്ക് ഹൈഡ്രജൻ ഊർജസ്രോതസ്സായി ഉപയോഗിക്കുന്നതിലൂടെ ഊർജക്ഷാമം പരിഹരിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായകരമാകും. നിലവിൽ വൻതോതിലുള്ള ഹരിത ഹൈഡ്രജൻ ഉൽപാദനത്തിന് അഞ്ചു പദ്ധതികൾക്കായി സ്വകാര്യ സംരംഭകരിൽനിന്ന് നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.