മരണമുഖത്തുനിന്നും ഹാരിസ് വീടണഞ്ഞു

വാഴക്കാട്: യുെക്രയ്ൻ യുദ്ധമുഖത്തുനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വാഴക്കാട് നൂഞ്ഞിക്കര വീട്ടിലെത്തിയ ഹാരിസിന് യുദ്ധ രംഗങ്ങളും പലായനവും വിറയൽ കാരണം വിവരിക്കാൻ കഴിയുന്നില്ല.

യുെക്രയിനിലെ കിയവിൽ പ്രവർത്തിക്കുന്ന ഭക്ഷണ നിർമാണ ശാലയിൽ ഒരു വർഷത്തോളമായി ജോലിചെയ്യുകയായിരുന്നു ഹാരിസ്. സംഭവ ദിവസം തദ്ദേശീയരും വിദേശികളുമായ ആയിരക്കണക്കിന് ജനങ്ങൾക്കൊപ്പം ഹാരിസും ജീവൻ കൈയിലെടുത്തോടി. അയൽ രാജ്യങ്ങളായ ഹംഗറി, സ്ലോവാക്യ, പോളണ്ട്, റുമാനിയ എന്നിവയുടെ അതിർത്തികളിലേക്ക് എത്താനായിരുന്നു നിർദേശം. പൊതുഗതാഗത വാഹനങ്ങളോ സ്വകാര്യ വാഹനങ്ങളോ ഓടിയിരുന്നില്ല. ഹാരിസ് ഉൾപ്പെടെ അഞ്ചുപേർ സ്വകാര്യ ടാക്സി വിളിച്ചു. അഞ്ച് പേർക്ക് കൂടി ഒരു ലക്ഷം രൂപ യാത്രാചെലവായി. വളരെ പ്രയാസപ്പെട്ട് പോളണ്ടിന്റെ അതിർത്തിയിലെത്തിയ ഇവരെ സഹായിക്കാൻ ആരും എത്താത്തതിനാൽ പിന്നീട് ഹംഗറിയുടെ അതിർത്തിയിലേക്ക് വീണ്ടും യാത്ര തിരിച്ചു.

ചെക്ക് പോസ്റ്റിൽനിന്ന് പാസ്പോർട്ട് സീൽചെയ്ത് ഹംഗറി തലസ്ഥാനമായ ബുഡാഫെസ്റ്റിലെത്തി. ഇവിടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കഴിയാവുന്ന സഹായങ്ങൾ നൽകി. ഇവിടെ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ ഡൽഹിയിലേക്ക് പറന്നു. അങ്ങനെ വ്യാഴാഴ്ച യുക്രെയ്നിൽനിന്ന് പുറപ്പെട്ട ഹാരിസ് ഏഴ് ദിവസത്തെ അലച്ചിലിന് ശേഷം അടുത്ത വ്യാഴാഴ്ച വീടണഞ്ഞു. ഹാരിസിനെ പോലുള്ള ജോലിക്കാർ സമ്പാദ്യത്തിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ചാണ് സ്വകാര്യ വാഹന ഉടമകൾക്ക് കഴുത്തറപ്പൻ വാടക നൽകി നാട്ടിലെത്തിയത്. എന്നാൽ കൈയിൽ പണമില്ലാതെ വിഷമിക്കുന്ന വിദ്യാർഥികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യക്കാർ ഏറെ പ്രയാസങ്ങൾ സഹിച്ച് ബംഗറുകളിൽ കഴിയുന്നതായി ഹാരിസ് പറഞ്ഞു.

Tags:    
News Summary - Harris escaped from ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.