മലപ്പുറം: ആരോഗ്യവകുപ്പിൽ എട്ടു വർഷത്തിനിടെ ഒരു ജീവനക്കാരനെതിരെയും ഒരു തരത്തിലുള്ള കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരേ ഒരു ജില്ലയായി മലപ്പുറം. 2016 ഏപ്രിൽ മുതൽ 2024 ഒക്ടോബർ എട്ടു വരെയുള്ള കണക്കുപ്രകാരമാണിത്. സംസ്ഥാനത്ത് ആകെ 131 കേസുകളാണ് ഈ കാലയളവിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചികിത്സപ്പിഴവ്, പീഡനം, മറ്റ് അതിക്രമങ്ങൾ എന്നിവയിലൊന്നും മലപ്പുറം ജില്ലയിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. മറ്റു ജില്ലകളിൽ രണ്ടു മുതൽ 23 വരെ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴാണ് മലപ്പുറം ജില്ലയിലെ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ക്ലീൻ ചിറ്റ് ലഭിക്കുന്നത്.
മൂന്ന് ജില്ല ആശുപത്രികൾ, ഏഴ് താലൂക്ക് ആശുപത്രികൾ, 21 സി.എച്ച്.സികൾ, 94 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ അടക്കം 125 ആരോഗ്യസ്ഥാപനങ്ങളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. പട്ടികയിൽ തിരുവനന്തപുരം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 23 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സിറ്റി-റൂറൽ പരിധികളിലായി ചികിത്സപ്പിഴവ് ഇനത്തിൽ 12 കേസുകളാണ് ആരോഗ്യവകുപ്പ് ജീവനക്കാർക്കെതിരെ രജിസ്റ്റർ ചെയ്തത്. റൂറൽ പരിധിയിൽ പീഡനവുമായി ബന്ധപ്പെട്ട് ആറു കേസുകളും മറ്റ് അതിക്രമങ്ങളിൽ അഞ്ചു കേസുകളും തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പട്ടികയിൽ രണ്ടാമതുള്ള കോട്ടയത്ത് 17 കേസുകൾ രജിസ്റ്റർ ചെയ്തു. ചികിത്സപ്പിഴവിന് 11ഉം പീഡനത്തിന് നാലും മറ്റുള്ളവയിൽ രണ്ടും കേസുണ്ട്. 16 വീതവും കേസുകൾ രജിസ്റ്റർ ചെയ്ത ആലപ്പുഴയും തൃശൂരുമാണ് പട്ടികയിൽ മൂന്നാമത്. ആലപ്പുഴയിൽ ചികിത്സപ്പിഴവിന് 11ഉം പീഡനത്തിന് ഒന്നും മറ്റുള്ളവയിൽ നാലും കേസ് രജിസ്റ്റർ ചെയ്തു.
തൃശൂർ സിറ്റി-റൂറൽ പരിധികളിലായി ചികിത്സപ്പിഴവിന് എട്ട്, പീഡനത്തിന് മൂന്ന്, മറ്റുള്ളവയിൽ അഞ്ച് എന്നിങ്ങനെ കേസുണ്ട്. കണ്ണൂർ ജില്ലയാണ് പട്ടികയിൽ നാലാമത്. 14 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ചികിത്സപ്പിഴവിന് സിറ്റി-റൂറൽ പരിധിയിലായി 10, പീഡനത്തിൽ സിറ്റിയിൽ മൂന്ന്, മറ്റുള്ളവയിൽ സിറ്റിയിൽ ഒന്ന് എന്നിങ്ങനെയാണ് കേസുകൾ. രണ്ടു കേസുകളാണ് വയനാട്ടിൽ രജിസ്റ്റർ ചെയ്തത്. പീഡനവുമായി ബന്ധപ്പെട്ട് ഒന്നും മറ്റുള്ളവയിൽ ഒന്നും. ഒരു കേസിൽ ഇവിടെ ശിക്ഷയും ലഭിച്ചിട്ടുണ്ട്. വയനാടും കൊല്ലത്തുമാണ് കേസുകളിൽ ശിക്ഷിക്കപ്പെട്ടത്. ആറു കേസുകൾ രജിസ്റ്റർ ചെയ്ത കൊല്ലത്ത് സിറ്റി-റൂറൽ പരിധിയിൽ രണ്ടു പേരാണ് ശിക്ഷിക്കപ്പെട്ടത്. റൂറൽ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.