മലപ്പുറം: ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾക്കായി വിതരണ കേന്ദ്രത്തിലെത്തിയ പ്രിൻസിപ്പൽമാരെ വിദ്യാഭ്യാസ വകുപ്പ് നട്ടം തിരിച്ചതായി ആക്ഷേപം. വെള്ളിയാഴ്ച സർട്ടിഫിക്കറ്റുകൾ ലഭ്യമാകുമെന്ന അറിയിപ്പനുസരിച്ച് പ്രിൻസിപ്പൽമാർ വിതരണ കേന്ദ്രമായി നിശ്ചയിച്ച കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി മടങ്ങേണ്ടി വന്നു.
റജിസ്ട്രേഡ് തപാൽ മാർഗം അതാത് സ്കൂളുകളിലെത്തിച്ചിരുന്ന സർട്ടിഫിക്കറ്റുകളാണ് രണ്ടു വർഷമായി ജില്ല കേന്ദ്രങ്ങൾ വഴി വിതരണം നടത്തുന്നത്. നഗര കേന്ദ്രമായ മലപ്പുറത്തു നിന്ന് മാറ്റി കോട്ടയ്ക്കലിലെ സ്കൂൾ വിതരണത്തിനായി തെരഞ്ഞെടുത്തത് ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്ന അധ്യാപകർക്ക് ഏറെ ദുരിതമാണെന്ന പരാതിയുമുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പരിമിതമായ യാത്രാ സൗകര്യത്തെപ്പോലും അവഗണിച്ച് ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്ന് 80 കിലോമീറ്റർ വരെ സഞ്ചരിച്ച് വന്ന അധ്യാപകർ ഉച്ചക്ക് മൂന്നു മണി വരെ കാത്തിരുന്നാണ് മടങ്ങിയത്.
സർട്ടിഫിക്കറ്റുകൾ രാവിലെ എത്തുമെന്ന അറിയിപ്പിെൻറ അടിസ്ഥാനത്തിലാണ് മിക്ക പ്രിൻസിപ്പൽമാരും വെള്ളിയാഴ്ച സ്കൂളിലെത്തിയത്. സ്കൂൾ കാമ്പസിൽ സ്ഥിതി ചെയ്യുന്ന അധ്യാപക ഭവൻ ക്വാറൻറീൻ സെൻററായി പ്രവർത്തിക്കുന്നുണ്ട്. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററായും സാമൂഹ്യക്ഷേമ വകുപ്പിെൻറ തെരുവോര താമസക്കാരുടെ പുനരധിവാസ കേന്ദ്രമായും നിശ്ചയിച്ച കോട്ടക്കൽ രാജാസ് സ്കൂളിൽ തന്നെ സർട്ടിഫിക്കറ്റ് വിതരണം നടത്താനെടുത്ത വിദ്യാഭ്യാസ വകുപ്പിെൻറ തെറ്റായ തീരുമാനവും സർട്ടിഫിക്കറ്റ് എത്തിക്കാതെ അധ്യാപകരെ നരകിപ്പിച്ച സംഭവവും നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.