എടയൂർ: ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണെടുപ്പ് വ്യാപകം. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ നിന്നാണ് മണ്ണെടുക്കുന്നത്. ദേശീയപാത നിർമാണത്തിനുൾപ്പെടെയാണ് കുന്നിടിച്ച് മണ്ണെടുക്കുന്നത്. വളാഞ്ചേരി-കരേക്കാട് റോഡിന് സമീപം തിണ്ടലം മൂന്നാംകുഴി, പൂക്കാട്ടിരി-എടയൂർ റോഡിൽ ചോലവളവ്, മാവണ്ടിയൂർ, മൂർക്കനാട് ഗ്രാമപഞ്ചായത്ത് അതിർത്തിയോട് ചേർന്ന പ്രദേശം, മുക്കിലപീടിക തുടങ്ങി എടയൂർ ഗ്രാമ പഞ്ചായത്തില വിവിധ പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിന്ന് വ്യാപകമായ തോതിൽ മണ്ണെടുത്തിരുന്നു. ചില സ്ഥലങ്ങളിൽ നിന്ന് മണ്ണെടുക്കൽ ഇപ്പോഴും തുടരുന്നുമുണ്ട്. തിണ്ടലം മൂന്നാംകുഴിക്ക് സമീപത്തെ വെള്ളിമാൻകുന്നിന്റെ വലിയൊരു ഭാഗത്ത് നിന്ന് ഇതിനകം മണ്ണെടുത്തു കഴിഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിൽ ഇവിടെ നിന്ന് ചളിമണ്ണ് ഒഴുകിയെത്തി കരക്കാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. രോഗിയുമായി പോവുകയായിരുന്ന കാർ റോഡിലെ ചളിമണ്ണിൽപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് കരേക്കാട് സ്വദേശിയായ രോഗി മരിക്കുകയും ചെയ്തു. റോഡിൽ പതിച്ച മണ്ണും ചളിയും നിർമാണക്കമ്പനി നീക്കം ചെയ്യുകയും മണ്ണ് റോഡിലേക്ക് ഒഴുകിവരാതിരിക്കാൻ റോഡിനോട് ചേർന്ന് ചാലുകീറുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വേനൽ മഴയിൽ ഈ സ്ഥിതിയിൽ ആണെങ്കിൽ കാലവർഷം ആരംഭിച്ചാൽ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സാധ്യത ഇവിടെ ഏറെയാണ്. തൊട്ട് താഴെയുള്ള 30 ഓളം വീട്ടുകാർക്ക് ഇത് ഭീഷണിയാവും.
മണ്ണെടുപ്പ് നിർത്തിവെക്കണമെന്നും ആവശ്യമായ സുരക്ഷയൊരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 16-ാം വാർഡിൽ വീട് നിർമാണത്തിന്റെ മറവിൽ കുന്നിടിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് നിർത്തിവെക്കാൻ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ജിയോളജി വകുപ്പിന് റിപ്പോർട്ട് കൊടുത്തിട്ടുമുണ്ട്. അപകടാവസ്ഥയിലുള്ള കുന്നിടിക്കൽ നിർത്തിവെക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കലക്ടർ ഉൾപ്പെടെയുള്ളവരോട് ആവശ്യപ്പെടുമെന്ന് തിണ്ടലം പ്രദേശം സന്ദർശിച്ച എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം പറഞ്ഞു. റോഡ് നിർമാണം ഉൾപ്പെടെയുള്ള വികസനത്തിന് എതിരല്ലെന്നും അശാസ്ത്രീയമായ കുന്നിടിക്കലും മണ്ണെടുപ്പും അവസാനിപ്പിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.